ദുബൈ: പെയ്ഡ് പാർക്കിങ് സ്ലോട്ടുകളിലെ വാഹനങ്ങളെ പരിശോധിക്കുന്നതിന് കൂടുതൽ സ്മാർട്ട് സ്ക്രീനിങ് വാഹനങ്ങൾ വരുന്നു. നിലവിൽ ഒമ്പതു വാഹനങ്ങളുള്ളത് ഈ വർഷം അവസാനത്തോടെ 18 ആയി വർധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ 70ശതമാനം പാർക്കിങ് സ്ലോട്ടുകളും സ്മാർട്ട് വാഹനങ്ങളുടെ കാമറക്കണ്ണുകളിൽ ഇടംപിടിക്കും. എമിറേറ്റിലെ 1.4 ലക്ഷം സ്ലോട്ടുകളാണ് ഇതുവഴി നിരീക്ഷണത്തിലാവുക.
പാർക്ക് ചെയ്ത വാഹനങ്ങൾ പേമെന്റ് നടത്തിയിട്ടുണ്ടോയെന്ന് നമ്പർ പ്ലേറ്റുകളിലെ വിവരങ്ങൾ ഒപ്പിയെടുത്ത് കണ്ടെത്താൻ സാധിക്കുന്നതാണ് സംവിധാനം. നേരത്തേ നടപ്പിലാക്കിയ സ്മാർട്ട് സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് കൂടുതൽ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചത്. നിർമിത ബുദ്ധിയും മെഷീൻ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ കാമറകളാണ് ഈ വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. എമിറേറ്റിലെ മുഴുവൻ റോഡുകളും 2026ഓടെ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ വരുത്തുന്ന ആസൂത്രണമാണ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) നടത്തുന്നത്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ആർ.ടി.എയുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് (ഐ.ടി.സി) കേന്ദ്രത്തിൽ നടത്തിയ സന്ദർശനത്തോടനുബന്ധിച്ചാണ് സ്മാർട്ട് സേവനങ്ങൾ വിപുലമാക്കുന്നത് വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലുതും നൂതനവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നാണ് അൽ ബർഷയിൽ സ്ഥിതിചെയ്യുന്ന ഐ.ടി.എസ് കേന്ദ്രം.
ട്രാഫിക് മോണിറ്ററിങ്, േഡറ്റ ശേഖരണ ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രം നഗരത്തിലെ നിലവിലുള്ള റോഡുകളുടെ വിപുലീകരണത്തിന് സഹായിക്കുന്നതാണ്. 2020 നവംബറിൽ ആരംഭിച്ച സംവിധാനം നഗരത്തിന്റെ ഗതാഗത നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് ഏറെ ഉപകരിച്ചിട്ടുണ്ട്. യാത്രാസമയം 20 ശതമാനം കുറക്കാനും 30 ശതമാനം പ്രതികരണ സമയം വർധിപ്പിക്കാനും കേന്ദ്രം കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.