അബൂദബി: എമിറേറ്റിൽ നിർമിതബുദ്ധി ഉൾപ്പെടെ 30 മേഖലകളിൽ കൂടി ഫ്രീലാൻസേഴ്സ് ലൈസൻസിന് അനുമതി. അബൂദബി സാമ്പത്തിക വികസന വകുപ്പാണ് പുതിയ തൊഴിൽ രംഗങ്ങളിൽ ഫ്രീലാൻസ് ജോലിക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. യു.എ.ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഈ ലൈസൻസിന് അപേക്ഷിക്കാം. 30 നൂതന മേഖലകളിലാണ് ഫ്രീലാൻസേഴ്സ് ലൈസൻസ് നൽകാൻ അബൂദബി സാമ്പത്തിക വികസന വകുപ്പ് അബൂദബി ബിസിനസ് സെന്ററിന് അനുമതി നൽകിയത്.
ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഡെവലപ്മെന്റ്, ഇലക്ട്രോണിക് ആൻഡ് സിസ്റ്റംസ് സോഫ്റ്റ് വെയർ ഡിസൈനിങ്, ഓയിൽ ആൻഡ് ഗ്യാസ് പ്രൊഡക്ഷൻ സോഫ്റ്റ് വെയർ ഡിസൈനിങ്, കമ്പ്യൂട്ടർ സിസ്റ്റം പ്രോഗ്രാംസ്, ത്രീഡി ഇമേജിങ് പ്രൊഡക്ഷൻ മോഡൽ, ഓൺലൈൻ െപ്ലയേഴ്സ് സപ്പോർട്ട് തുടങ്ങിയ പ്രവർത്തനരംഗങ്ങളിലാണ് ഫ്രീലാൻസേഴ്സ് ലൈസൻസ് അനുവദിക്കുക.
ലൈസൻസ് നേടുന്നവർക്കും കുടുംബത്തിനും യു.എ.ഇ റെസിഡൻസ് വിസ ലഭിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ തിരിച്ചറിയൽ കാർഡും അബൂദബി ചേംബർ അംഗത്വവും ഇതോടൊപ്പമുണ്ടാകും.
താം ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി അപേക്ഷ നൽകാം. 1,000 ദിർഹമാണ് ഫീസ്. ഇതോടെ ഫ്രീലാൻസ് ലൈസൻസ് ലഭിക്കുന്ന അബൂദബിയിലെ തൊഴിൽ മേഖലകൾ നൂറിലധികമായതായി സാമ്പത്തിക വികസന വകുപ്പ് പറഞ്ഞു.
നിലവിൽ വിവിധ മേഖലകളിലായി 1,013 വിദഗ്ധർക്ക് അബൂദബി ബിസിനസ് സെന്റർ ഫ്രീലാൻസേഴ്സ് ലൈസൻസ് നൽകിയിട്ടുണ്ട്. നിയമ വിധേയമായി വിവിധ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും സേവനം ലഭ്യമാക്കാനും വരുമാനമുണ്ടാക്കാനും ഈ ലൈസൻസുള്ളവർക്ക് കഴിയും എന്നതാണ് പ്രത്യേകത.
പ്രാദേശികവും ആഗോള തലത്തിലുള്ളതുമായ സാമ്പത്തിക രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കും മാറ്റങ്ങൾക്കും ഒപ്പം സഞ്ചരിക്കുന്നതിന് വിവിധ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് അബൂദബി ബിസിനസ് സെൻറർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് മുനീഫ് അൽ മൻസൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.