ദുബൈ: ആഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ യു.എ.ഇയിലെ പ്രധാന സ്കൂളുകളിൽ 700ലേറെ അധ്യാപകരെ നിയമിക്കും. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലെ വിവിധ സ്കൂളുകളിലേക്കാണ് നിയമനം. അന്താരാഷ്ട്ര തലത്തിൽ അധ്യാപക നിയമനത്തിന് സഹായിക്കുന്ന ‘ടെസ്’ വെബ്സൈറ്റ് പ്രകാരം, ദുബൈയിൽ 500ഉം അബൂദബിയിൽ 150ഉം ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജെംസ് എജുക്കേഷൻ, തഅ്ലീം, ബ്ലൂം എജുക്കേഷൻ എന്നീ സ്കൂൾ ഗ്രൂപ്പുകളിലാണ് വ്യത്യസ്ത വിഭാഗങ്ങളിൽ അധ്യാപകരെ ആവശ്യമുള്ളത്.
പ്രധാനാധ്യാപകൻ, സ്പോർട്സ് കോച്ച്, മ്യൂസിക് അധ്യാപകൻ തുടങ്ങിയ വിഭാഗങ്ങളിലടക്കം ഒഴിവുകളുണ്ട്. ചെറിയ ക്ലാസിലെ കുട്ടികളെ പരിശീലിപ്പിക്കാനും അധ്യാപകരെ ആവശ്യമുണ്ട്. പല സ്ഥാപനങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരിയിൽ അവസാനിക്കും.
നിരവധി സ്കൂളുകളിൽ ഫിസിക്സ് അധ്യാപകരുടെ ഒഴിവുണ്ട്. ദുബൈ ബ്രിട്ടീഷ് സ്കൂൾ ജുമൈറ പാർക്, ജെംസ് വെല്ലിങ്ടൺ ഇന്റർനാഷനൽ സ്കൂൾ, അർകാഡിയ ഗ്ലോബൽ സ്കൂൾ എന്നിവിടങ്ങളിൽ ഫിസിക്സ് അധ്യാപകരെ ആവശ്യമുണ്ട്. വിവിധ സ്കൂളുകളിൽ മാത്സ് അധ്യാപകരുടെ ഒഴിവുമുണ്ട്. സയൻസ്, മാത്സ് വിഷയങ്ങളിൽ മികച്ച അധ്യാപകരെ ലഭിക്കുന്നത് സ്കൂളുകൾ പ്രാധാന്യപൂർവമാണ് കാണുന്നത്. ഈ മേഖലകളിലെ അധ്യാപകർക്ക് കൂടുതൽ ശമ്പളവും സ്കൂളുകൾ വാഗ്ദാനം ചെയ്യാറുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്പ്പെടുന്ന സ്ഥാപനങ്ങളായതിനാൽ യു.എ.ഇയിലെ സ്കൂളുകളിലെ ജോലി വലിയ അനുഭവസമ്പത്ത് നൽകുന്നതാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ മാനേജ്മെന്റ് സ്കൂളുകളും അടുത്ത അധ്യയന വർഷത്തേക്ക് അധ്യാപകരെ കണ്ടെത്തുന്നതിന് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ ശ്രമം തുടങ്ങാറുണ്ട്.
ശമ്പളത്തിന് പുറമെ, താമസം അല്ലെങ്കിൽ താമസ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക അവധിക്ക് ട്രാവൽ ടിക്കറ്റ് തുടങ്ങിയവ അധ്യാപകർക്ക് നൽകാറുണ്ട്. ശമ്പളം ഓരോ സ്കൂളുകൾക്കനുസരിച്ചും, അധ്യാപകന്റെ പ്രവൃത്തി പരിചയത്തിനനുസരിച്ചും വ്യത്യസ്തമായിരിക്കും. പൊതുവെ ഫീസ് കുറഞ്ഞ ഇന്ത്യൻ സ്കൂളുകളിൽ അധ്യാപകർക്ക് വൻകിട സ്കൂളുകളെ അപേക്ഷിച്ച് ശമ്പളവും കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.