ദുബൈ: യു.എ.ഇയിൽ നിന്നെത്തുന്നവരെ ഏഴ് ദിവസത്തെ ക്വാറന്‍റീനിൽ നിന്ന് ഒഴിവാക്കി മുംബൈ. ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാറ്റം തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
വിദേശത്തുനിന്നെത്തുന്നവർക്ക് കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ ഏർപെടുത്തിയപ്പോഴാണ് മുംബൈ ഇളവ് നൽകിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനായിരുന്നു നിയന്ത്രണം ഏർപെടുത്തിയിരുന്നത്. ദുബൈ ഉൾപെടെയുള്ള യു.എ.ഇ നഗരങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ക്വാറന്‍റീനോ ആർ.ടി.പി.സി.ആർ പരിശോധനയോ ആവശ്യമില്ലെന്ന് സർക്കുലറിൽ പറയുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്‍റെ മറ്റ് മാർഗനിർദേശങ്ങൾ യു.എ.ഇ യാത്രക്കാർക്കും ബാധകമായിരിക്കും.
കേന്ദ്ര സർക്കാർ നിർദേശ പ്രകാരം കഴിഞ്ഞയാഴ്ച മുതലാണ് കേരളത്തിലും ഏഴ് ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയത്. ഇത് പിൻവലിക്കണമെന്ന ആവശ്യം വ്യാപകമാണെങ്കിലും സംസ്ഥാന സർക്കാർ ചെവിക്കൊണ്ടിട്ടില്ല. ക്വാറന്‍റീൻ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ വർഷം ഇറക്കിയ സർക്കുലറിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതിയ സർക്കുലറിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. പഴയ സർക്കുലറിന്‍റെ സാധുത മുൻനിർത്തിയാണ് മുംബൈ നഗരസഭ ഇളവ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.