ദുബൈ: താമസ മേഖലകളിലും മറ്റും കെട്ടിനിൽക്കുന്ന വലിയ അളവിലുള്ള മാലിന്യങ്ങൾ സൗജന്യമായി നീക്കംചെയ്യുന്ന സേവനം സജീവമാക്കി ദുബൈ മുനിസിപ്പാലിറ്റി.
താമസക്കാരെ സഹായിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിലൊന്നടങ്കം ശുചിത്വം ഉറപ്പുവരുത്തുന്നതിനുമാണ് സേവനം ഏർപ്പെടുത്തിയത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വലിയ അളവിലുള്ള ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി സേവനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
800 900 എന്ന വാട്സ്ആപ് നമ്പർ വഴി ഈ സേവനം ആവശ്യപ്പെടാം. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാലിന്യം ശേഖരിക്കാൻ സമയം ഷെഡ്യൂൾ ചെയ്യുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർ ഫോണിൽ വിളിക്കും. മാലിന്യം ശേഖരിച്ച ശേഷം ആ വിവരവും എസ്.എം.എസ് സന്ദേശമായി ലഭിക്കുന്നതായിരിക്കും. ദുബൈ നഗരത്തിലെ നിശ്ചിത പ്രദേശങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്. വീടുകളിലെ ഫർണിച്ചറുകൾ, ഇലക്ട്രിക് മാലിന്യങ്ങൾ എന്നിവ നീക്കുന്നതിന് സേവനം ഉപയോഗിക്കാം.
കഴിഞ്ഞ ആഴ്ചയിലെ മഴയിൽ നഗരത്തിലുടനീളം നിരവധി താമസസ്ഥലങ്ങളിൽ വീട്ടുപകരണങ്ങളും മറ്റും നശിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താവുന്ന സേവനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.