ദുബൈ: എമിറേറ്റിൽ സുസ്ഥിരമായ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് വമ്പൻ പദ്ധതികളുമായി ദുബൈ മുനിസിപ്പാലിറ്റി. ചൊവ്വാഴ്ച വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച പരിസ്ഥിതി, ജല, ഊർജ, സാങ്കേതികവിദ്യ പ്രദർശന (വെറ്റക്സ്) മേളയിലാണ് പദ്ധതികൾ പ്രദർശിപ്പിച്ചത്.
ദുബൈയിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖലകൾ വിപുലപ്പെടുത്താനായി രൂപകൽപന ചെയ്ത ‘തസ്രീഫ്’ ഡ്രെയിനേജ് പദ്ധതിയാണ് ഇതിൽ പ്രധാനം. മേഖലയിൽ തന്നെ ഏറ്റവും വലിയ ഡ്രെയിനേജ് പദ്ധതിയായിരിക്കും ഇത്.
3000 കോടി ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മഴവെള്ളം ഒഴുക്കിവിടാനുള്ള ഡ്രെയിനേജ് ശൃംഖലയുടെ ശേഷി 700 ശതമാനം വർധിക്കും. ഇത് അടുത്ത നൂറ്റാണ്ടിലെ കാലാവസ്ഥ വെല്ലുവിളികൾക്കെതിരെ പ്രതിരോധിക്കാൻ ദുബൈയെ സഹായിക്കും.
മഴവെള്ളം ഒഴുക്കിവിടാനുള്ള ഡ്രെയിനേജുകളുടെ ശേഷി പ്രതിദിനം 65 മില്ലിമീറ്ററായി ഉയരും. ഒറ്റ സംവിധാനത്തിൽ ഏകീകരിച്ച് പ്രവർത്തിക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഡ്രെയിനേജ് പദ്ധതിയായിരിക്കും ഇതെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
സുസ്ഥിര സാങ്കേതിക വിദ്യകളും മികച്ച പ്രവർത്തന രീതികളും ഉപയോഗപ്പെടുത്തി പ്രവർത്തന ചെലവ് കുറക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. വർത്തമാന കാലത്ത് മാത്രമല്ല, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ദുബൈ മുനിസിപ്പാലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതിലുള്ള തെളിവാണിതെന്നും അധികൃതർ പറഞ്ഞു.
ഇതുകൂടാതെ ദുബൈ ക്രീക്കിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സ്മാർട്ട് സ്ക്രാപറിന്റെ രൂപരേഖയും പ്രദർശനത്തിൽ മുനിസിപ്പാലിറ്റി അവതരിപ്പിച്ചു.
റിമോർട്ട് കൺട്രോളിലാണ് ഇത് പ്രവർത്തിക്കുക. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഈ സംവിധാനം സമുദ്ര മേഖലകളെയും സുസ്ഥിര പ്രയത്നങ്ങളെയും പരിപോഷിപ്പിക്കുന്നതാണ്. കെട്ടിടങ്ങളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്ന നൂതന സംവിധാനങ്ങളും പ്രദർശനത്തിൽ മുനിസിപ്പാലിറ്റി അവതരിപ്പിച്ചു.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സംഘടിപ്പിക്കുന്ന വെറ്റക്സ് പ്രദർശനം ഒക്ടോബർ മൂന്നിന് അവസാനിക്കും. സുസ്ഥിരത, ശുദ്ധ ഊർജ സാങ്കേതിക വിദ്യകൾ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള സംവിധാനങ്ങൾ പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാണ് വെറ്റക്സ് എന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.