ദുബൈ: ഉള്ളുലച്ചു കളയുന്ന കോവിഡ് കാലത്ത് മനുഷ്യനെ ചേർത്തുപിടിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളുമുണ്ട്. പൊരിവെയിലിൽ വെന്തുപൊള്ളി നിൽക്കുന്നവർക്ക് മുന്നിൽ മേഘം കുടയായി നിൽക്കുന്നത് പോലുള്ള കാഴ്ചകൾ. എല്ലാം വ്യത്യസ്തകളും ഇവിടെ മാഞ്ഞുപോകുന്നു.
ദുബൈ റാഷിദ് ഹോസ്പിറ്റലിൽ മരിച്ച മഹാരാഷ്ട്ര സ്വദേശി രമേഷ് കാളിദാസിെൻറ സംസ്കാരം എങ്ങനെ നടത്താൻ കഴിയും എന്നോർത്ത് കരച്ചിലിലായിരുന്നു ബന്ധുക്കൾ. കോവിഡ് ബാധിച്ചാണ് 77 വയസ്സുള്ള രമേഷ്ജിയുടെ മരണം. കുടുംബാംഗങ്ങളെല്ലാം ക്വാറൻറീനിലായതിനാൽ സംസ്കാരം നടത്തുന്നതെങ്ങിനെ എന്നറിയാതെ ഏറെ വിഷമത്തിലായിരുന്നു കുടുംബം.
ബന്ധുക്കളിൽനിന്ന് വിവരമറിഞ്ഞ് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ ഇക്കാര്യം സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ അറിയിച്ചു. ഉടനെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട നസീർ അവരുടെ അനുമതിയോടെ സംസ്കാരത്തിെൻറ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
ജബൽ അലി ശ്മശാനത്തിൽ സംസ്കാരം നിർവഹിച്ച ശേഷം മകെൻറ സ്ഥാനത്തുനിന്ന് ചിതാഭസ്മം ഏറ്റുവാങ്ങുവാനും നസീറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. റമദാൻ 27ാം രാവിൽ ഇത്തരമൊരു നിയോഗം വന്നുചേർന്നതിൽ പടച്ചവനെ സ്തുതിക്കുന്നുവെന്ന് നസീർ പറഞ്ഞു. കോവിഡ് പ്രതിസന്ധി നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെച്ചും നമ്മൾ കെട്ടിയിരിക്കുന്ന എല്ലാ വേലികളും ഇല്ലാതായി മനുഷ്യ ഹൃദയങ്ങൾ കൂടുതൽ അടുക്കാൻ ഇതുവഴിയൊരുക്കുമെന്നും ഇദ്ദേഹം പ്രത്യാശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.