മനാമ: ബഹ്റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സതേൺ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ. ഡിസംബർ 16 റോഡിനോടു ചേർന്ന് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്, ദക്ഷിണ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. അതിഥികളും സന്ദർശകരും ദീപാലംകൃതമായ ഇടനാഴിയിലൂടെ നടന്ന് കലാകാരന്മാരുടെ വരച്ച ചിത്രങ്ങൾ വീക്ഷിച്ചു.
ക്രൗൺ പ്രിൻസ് അവന്യൂവിൽനിന്ന് റിഫ അവന്യൂ വരെ മൂന്നു കിലോമീറ്ററോളം റോഡ് ചുവപ്പും വെള്ളയും ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. സല്ലാഖ് ഹൈവേയുടെ അരികിലുള്ള മരങ്ങളിലും വിളക്കുകാലുകളിലും തിളങ്ങുന്ന ബഹ്റൈൻ പതാകകൾ സ്ഥാപിച്ചു. ഡിസംബർ 16 റോഡിൽ രണ്ട് ഇടനാഴികളിൽ ഒന്ന് കാൽനടക്കാർക്കും മറ്റൊന്ന് കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കുമായി അനുവദിച്ചിരിക്കുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ദേശീയദിനം ആഘോഷിക്കുന്നതിനുള്ള അവസരമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. ബഹ്റൈനോടും ഭരണാധികാരികളോടുമുള്ള തങ്ങളുടെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രകടനമായി ബഹ്റൈൻ ചിത്രകാരന്മാർ ലൈവ് പെയിന്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.