അബൂദബി/ദുബൈ: യു.എ.ഇയുടെ 51ാം ദേശീയദിനം രാജ്യത്തെങ്ങും വർണപ്പകിട്ടോടെ ആഘോഷിച്ചു. ഏഴ് എമിറേറ്റുകളിലും ഭരണാധികാരികളും സ്വദേശികളും പ്രവാസികളുമെല്ലാം ആവേശത്തോടെയാണ് ചടങ്ങുകളിൽ പങ്കുകൊണ്ടത്.ദേശീയപതാക ഉയർത്തിയും ദേശീയഗാനം ആലപിച്ചുമാണ് എല്ലാ സ്ഥലങ്ങളിലും ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് തത്സമയം സംപ്രേഷണം ചെയ്ത ദേശീയദിന പ്രത്യേക ഷോയും ശ്രദ്ധേയമായി. ഏഴ് എമിറേറ്റുകളിലുടനീളം 50ൽ അധികം ലൊക്കേഷനുകളിലാണ് ഔദ്യോഗിക ചടങ്ങ് സംപ്രേഷണം ചെയ്തത്.
വിവിധ എമിറേറ്റുകളിലെ സർക്കാർ വകുപ്പുകളും മറ്റു സംവിധാനങ്ങളുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കരിമരുന്ന് പ്രയോഗങ്ങൾ, സംഗീത കച്ചേരികൾ, കുടുംബ സൗഹൃദ സംഗമങ്ങൾ തുടങ്ങിയ പരിപാടികളിലെല്ലാം ധാരാളം പേരാണ് ഓരോ എമിറേറ്റിലും പങ്കെടുത്ത്.
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററിൽ(അഡ്നെക്)ല്‍ 13 വരെ നീളുന്ന വിവിധ ആഘോഷ പരിപാടികള്‍ക്കാണ് കഴിഞ്ഞദിവസം തുടക്കം കുറിച്ചത്. വിവിധ രാജ്യക്കാരായ 1000 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന പരേഡ് ചടങ്ങിലെ ആകര്‍ഷണീയതയാണ്. വരുംതലമുറകളെ പ്രചോദിപ്പിക്കുന്നതിനായി സമുദ്രശാസ്ത്രം, പരിസ്ഥിതി, കൃഷി, ബഹിരാകാശം, ഗതാഗതം, സൗരോര്‍ജം, വിദ്യാഭ്യാസം എന്നീ ഏഴുമേഖലകളില്‍ നല്കിയ സംഭാവനകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.
അബൂദബിയിൽ അൽ മര്യാദ് ദ്വീപിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിന് വെടിക്കെട്ട് വീക്ഷിക്കാൻ നിരവധിപേരെത്തി. അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡ്രോൺ, ലേസർ ഡിസ്പ്ലേകളും കരിമരുന്ന് വിസ്മയവും കൊറിയോഗ്രാഫ് ചെയ്ത എമിറേറ്റ്സ് ഫൗണ്ടൻ ഷോയും നടന്നു. തെക്കൻ അബൂദബിയിലെ ബനിയാസ് ഏരിയയിലെ ബവാബാത് അൽ ശർഖ് മാൾ, യാസ് ദ്വീപിലെ തീം പാർക്കുകൾ എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ അരങ്ങേറി. അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാർക്ക് ദേശീയദിന ഉപഹാരങ്ങൾ നൽകിയാണ് പൊലീസ് സ്വീകരിച്ചത്.
ദുബൈയിൽ ബുർജ് ഖലീഫയിൽ പ്രത്യേക എൽ.ഇ.ഡി ഡിസ്പ്ലേയാണ് ഇത്തവണ ഒരുക്കിയത്. ക്രീക്ക് ഭാഗത്തെ അൽ സീഫിൽ വെള്ളിയാഴ്ച പരേഡും വാട്ടർഫ്രണ്ട് കരിമരുന്ന് പ്രദർശനങ്ങളും ഒരുക്കി. ഞായറാഴ്ച വരെ ഈ പ്രദേശത്ത് നിരവധി പരിപാടികളുണ്ടാകും. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ നാലര മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം നടന്നു.ദുബൈ എക്സ്പോ സിറ്റിയിലും ഗ്ലോബൽ വില്ലേജിലും വിവിധ പരിപാടികൾ ഒരുക്കിയിരുന്നു. ദുബൈ പൊലീസും മറ്റു സർക്കാർ സംവിധാനങ്ങളും സമൂഹമാധ്യമങ്ങളിലും ദേശീയദിനാഘോഷത്തിന്റെ ആവേശം ദൃശ്യമായിരുന്നു. നിരവധി പ്രവാസികൾ യു.എ.ഇയുടെ മാതൃകാപരമായ നയങ്ങളെയും നിലപാടുകളെയും പുകഴ്ത്തി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.