ഷാർജ: പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് (38) മരിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിലാണ്.
ശനിയാഴ്ച ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 18 പേർ ബോട്ടിലുണ്ടായിരുന്നു. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. അഭിലാഷ് ജോലിചെയ്ത ഷാർജയിലെ സ്ഥാപനത്തിൽനിന്നും എട്ടുപേരാണ് ബോട്ട് യാത്ര നടത്തിയത്. കരയിൽനിന്നും ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവർ ആണ് ഷൗക്കത്ത്.
മറിഞ്ഞ ബോട്ടിന്‍റെ അടിയിൽപെട്ടതാണ് അഭിലാഷ് മരിക്കാൻ കാരണമായത്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അപകടത്തിൽ മറ്റ് ചിലരും മരിച്ചതായി സൂചനയുണ്ട്.
എട്ട് വർഷമായി ഷാർജയിൽ പ്രവാസിയായ അഭിലാഷ് വീട് എന്ന സ്വപ്നം പൂർത്തിയാക്കിയത് അടുത്തിടെയാണ്. നിർധന കുടുംബത്തിലെ അംഗമായ അഭിലാഷ് പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് പോകാനിരിക്കെയാണ് അപകടം. ചോക്ലേറ്റ് വ്യാപാര സ്ഥാപനത്തിലെ ഹെൽപ്പറായിരുന്നു. കർഷകത്തൊഴിലാളികളായ മീത്തലെവീട് വിജയന്‍റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി. മകൾ: അഭയ. സഹോദരൻ: അജീഷ് (ബഹ്‌റൈൻ). മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.