കോവിഡ് നിർദേശങ്ങൾ പാലിക്കുന്നതിൽ അനാസ്ഥ: ദുബൈയിൽ ജിംനേഷ്യം അടച്ചുപൂട്ടി

ദുബൈ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കുന്നതിൽ അനാസ്ഥ കാട്ടിയ സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ദുബൈയിലെ ജിംനേഷ്യം അടച്ചുപൂട്ടിയതായി ദുബൈ ഇക്കോണമി അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതും സാമൂഹിക അകലം ലംഘിക്കുന്ന തരത്തിൽ ജിംനേഷ്യത്തിലെ ഉപകരണങ്ങൾ ക്രമീകരിച്ചതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

പകർച്ചവ്യാധിക്കെതിരെ ഉപഭോക്താക്കളുടെയും കമ്പനികളുടെ ജീവനക്കാരുടെയും സുരക്ഷക്ക്​ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡി.ഇ.ഡി ഉദ്യോഗസ്ഥർ പതിവായി നിരവധി ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളുമാണ് പരിശോധിക്കുന്നത്. സുരക്ഷ നടപടികളുടെ ഭാഗമായി ഷോപ്പിങ്​ മാളുകളോ വാണിജ്യ ഔട്ട്‌ലെറ്റുകളോ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണം. ഒപ്പം സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മുൻകരുതൽ നടപടി പാലിക്കണമെന്നും നിർദേശമുണ്ട്. മാസ്​ക്കുകളും കൈയുറകളും ധരിക്കുക, സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കുക, അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുക തുടങ്ങി കോവിഡ് -19 വ്യാപനം തടയുന്നതിന് മുൻകരുതൽ നടപടികൾ പാലിക്കാൻ ദുബൈ ഇക്കോണമി വ്യാപാരികളോട് നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.