അബൂദബി: ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ വിവിധ പങ്കാളികളുടെ സഹകരണത്തോടെ അൽഐനിൽ പുതിയ കേന്ദ്ര മോർച്ചറി തുറന്നു. അത്യാധുനിക രീതിയിൽ രൂപകൽപന ചെയ്തതും ഏറ്റവും പുതിയ ഉപകരണങ്ങൾ ഉൾക്കൊള്ളുന്നതുമായ മോർച്ചറിയിൽ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂർത്തിയാക്കാനാവുമെന്ന് സെഹ ആക്ടിങ് ഗ്രൂപ് ചീഫ് ഓപറേഷൻ ഓഫിസർ ഡോ. മർവാൻ അൽ കാബി അറിയിച്ചു.
അബൂദബിയിലെ ബനിയാസിൽ പുതിയ സെൻട്രൽ മോർച്ചറി ആരംഭിച്ച് രണ്ടുമാസം പൂർത്തിയാകുന്നതിനു മുമ്പാണ് അൽഐനിലെ സെൻട്രൽ മോർച്ചറി തുറന്നത്. ഈ മോർച്ചറികളിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൃതദേഹ പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് സെഹ. ഏറ്റവും പുതിയ റേഡിയോളജി ഉപകരണങ്ങൾ ഇതിനായി സജ്ജമാക്കിയതായും മേഖലയിൽ ആദ്യമായാണ് ഇത്തരം സൗകര്യം ഒരുക്കുന്നതെന്നും ഡോ. അൽ കാബി ചൂണ്ടിക്കാട്ടി. ഏറ്റവും പുതിയ റേഡിയോളജി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ മെഡിക്കൽ പരിശോധകർക്ക് രക്തക്കുഴലുകൾ, അവയവങ്ങൾ, അസ്ഥികൾ, ടിഷ്യൂകൾ എന്നിവയുടെ അവസ്ഥ കൃത്യമായും സൂക്ഷ്മതയോടെയും പരിശോധിക്കാൻ കഴിയും. മരണകാരണം സൂക്ഷ്മമായി നിർണയിക്കാൻ ഇതുമൂലം കഴിയുമെന്നതാണ് നേട്ടം.
മൃതദേഹങ്ങളുടെ എംബാമിങ് 30 മിനിറ്റിനുള്ളിലോ ഹ്രസ്വ സമയത്തിനുള്ളിലോ പൂർത്തിയാക്കാനാവും. 15 മിനിറ്റിനുള്ളിൽ ആവശ്യമായ രേഖകൾ കൈമാറാൻ സാധിക്കും. മൃതദേഹ പരിശോധന സുഗമമാക്കുന്നതിന് അബൂദബി പൊലീസും ജുഡീഷ്യൽ ഡിപ്പാർട്മെൻറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ജുഡീഷ്യൽ പോസ്റ്റ്മോർട്ടവും നടത്താനാവുമെന്ന് ഡോ. അൽ കാബി പറഞ്ഞു.മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ കേന്ദ്ര മോർച്ചറികൾ അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നു. 1968 മുതലുള്ള മരണവിവരങ്ങൾ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതിയാണ് സെഹ ആവിഷ്കരിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.