ദുബൈ: യു.എ.ഇയിൽനിന്ന് ചൈനയിലേക്ക് പറക്കുന്നവർക്ക് പി.സി.ആർ പരിശോധന വീണ്ടും നിർബന്ധമാക്കുന്നു. ജനുവരി എട്ട് മുതൽ ഈ നിബന്ധന നടപ്പാക്കുമെന്ന് ദുബൈയിലെ ചൈന കോൺസുലേറ്റ് ജനറൽ അറിയിച്ചു. 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലമാണ് ഹാജരാക്കേണ്ടത്. ചൈനയിൽ വീണ്ടും കോവിഡ് വകഭേദം ഭീതിപരത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
പോസിറ്റിവ് ഫലം ലഭിക്കുന്നവർ നെഗറ്റിവ് ഫലം ലഭിക്കുന്നതുവരെ യാത്രചെയ്യരുതെന്നും കോൺസൽ ജനറലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിർദേശത്തിൽ പറയുന്നു. നെഗറ്റിവ് ഫലം സർക്കാറിന്റെ നിശ്ചിത വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യണം. സാമൂഹിക അകലവും മാസ്ക് ധരിക്കുന്നതും ഉചിതമാകുമെന്നും നിർദേശത്തിൽ പറയുന്നു.
ഇന്ത്യൻയാത്രക്കാർ വാക്സിനെടുക്കുന്നതാണ് അഭികാമ്യമെന്ന് കഴിഞ്ഞദിവസം എയർ ഇന്ത്യ അറിയിച്ചിരുന്നു. നാട്ടിലെത്തിയാൽ ആരോഗ്യനില സ്വയം പരിശോധിക്കണം. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ (1075) അറിയിക്കണം. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക് വിധേയരാകണമെന്നും എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.