മനാമ: പ്രവാസികൾക്ക് പുതിയ വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) നൽകണമെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണമെന്ന നിബന്ധന വന്നേക്കും. പൗരന്മാരുടെ ജീവിതനിലവാരം കുറഞ്ഞുവരുകയാണെന്ന പരാതി സംബന്ധിച്ച് അന്വേഷിക്കുന്ന പാർലമെന്ററി സമിതി യോഗത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദൽ ഫക്രോ കഴിഞ്ഞദിവസം പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്ത എം.പിമാർ ഈ ആവശ്യം അദ്ദേഹത്തെ ധരിപ്പിച്ചു.എം.പി അഹമ്മദ് അൽ സലൂം അധ്യക്ഷനായ സമിതിയാണ് പൗരന്മാരുടെ ജീവിതനിലവാരം സംബന്ധിച്ച പരാതികൾ അന്വേഷിക്കുന്നത്.
പുതിയ സി.ആറിന് അപേക്ഷിക്കുന്നവർക്കും പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും നിശ്ചിത മൂലധന നിക്ഷേപം ഉണ്ടായിരിക്കണം എന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന നിർദേശം കഴിഞ്ഞയാഴ്ച സമിതി മുന്നോട്ടുവെച്ചിരുന്നു. ജീവിത നിലവാരത്തകർച്ചക്ക് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 35 ശിപാർശകൾ സമിതി നൽകിയിട്ടുണ്ട്.
സ്വദേശികളായ ബിസിനസുകാരുടെ കച്ചവടം കുറഞ്ഞുവരുകയാണെന്ന പരാതി വ്യാപകമാണെന്ന് സമിതി അധ്യക്ഷൻ അഹമ്മദ് അൽ സലൂം ചൂണ്ടിക്കാട്ടി. എന്നാൽ, 100 ശതമാനം പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾ 11,664 മാത്രമാണെന്ന് മന്ത്രി അബ്ദുല്ല ബിൻ അദൽ ഫക്രോ എം.പിമാരോട് പറഞ്ഞു. ഇത് വിപണിയിലെ സജീവമായ 80,126 സി.ആറുകളുടെ 15 ശതമാനം മാത്രമാണ്.
പ്രഫഷനൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തനങ്ങൾ, വിവരസാങ്കേതിക വിദ്യ, ആശയവിനിമയം, അഡ്മിനിസ്ട്രേറ്റിവ്, സപ്പോർട്ട് സേവന പ്രവർത്തനങ്ങൾ എന്നീ മേഖലകളിലാണ് പ്രവാസികളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ പ്രവർത്തിക്കുന്നത്.പ്രവാസികളുടെ ഉടമസ്ഥതയിലുള്ള എല്ലാ ബിസിനസുകളും നാഷനൽ ബ്യൂറോ ഫോർ റവന്യൂവിന് കീഴിൽ ‘വാറ്റ്’ രജിസ്ട്രേഷൻ നടത്തണമെന്ന് സമിതിയിൽ ആവശ്യമുയർന്നു. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട ബിസിനസ് സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് രണ്ട് കമ്പനികൾ അടച്ചിടാൻ നിർദേശം നൽകിയതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.