ദുബൈ: വാഹനങ്ങളിൽ പുതിയ ‘എമർജൻസി കാൾ’ സംവിധാനം ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ. ‘ഇ-കാൾ’ സംവിധാനം വഴി അടിയന്തര സേവനങ്ങൾ ലഭിക്കുന്നതിനുള്ള സമയം 40 ശതമാനം കുറക്കുമെന്നാണ് വിലയിരുത്തുന്നത്. ഗുരുതരമായ അപകടം സംഭവിച്ചാൽ ഇ-കാൾ സംവിധാനം വഴി വാഹനത്തിനുള്ളിലെ സെൻസറുകൾ ഉടൻ പൊലീസിന് അടിയന്തര സന്ദേശം നൽകും.
വാഹനത്തിന്റെ മോഡൽ, സംഭവം നടന്ന സ്ഥലം, ഇന്ധനത്തിന്റെ അവസ്ഥ, വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് സന്ദേശത്തിൽ ഉൾപ്പെടുക. 2021ൽ അബൂദബിയിൽ ആദ്യമായി അവതരിപ്പിച്ച ഇ-കാൾ സംവിധാനം അപ്ഡേറ്റ് ചെയ്യുന്നതിലൂടെ റോഡുകളിലെ മരണസംഖ്യ രണ്ടു മുതൽ 10 ശതമാനം വരെയും ഗുരുതരമായ പരിക്കുകൾ രണ്ടു മുതൽ 15 ശതമാനം വരെയും കുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടിയന്തര ഫോൺ വിളികൾക്ക് നാലു മിനിറ്റുള്ളിൽ പ്രതികരിക്കാനുള്ള സാഹചര്യമാണ് സംവിധാനം ഒരുക്കുന്നത്. യു.എ.ഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റിയും(ടി.ഡി.ആർ.എ) എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജിയും പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ‘ഫാസ’ എന്നറിയപ്പെടുന്ന ഇ-കാൾ സംവിധാനം വികസിപ്പിച്ചത്.
അബൂദബിയിലെന്നപോലെ സമാന രീതി ദുബൈ പൊലീസ് എ.എം.എൽ (അഡ്വാൻസ്ഡ് മെഷീൻ ലൊക്കേഷൻ) എന്ന പേരിൽ പുറത്തിറക്കിയിരുന്നു.
അപകടങ്ങൾ മൊബൈൽ ഫോണുകൾ പൊലീസിനെ അറിയിക്കുന്ന സംവിധാനമാണിത്. എന്നാൽ, ഇതിൽ വിവരങ്ങൾ അറിയിക്കാൻ യാത്രക്കാരൻ 999 ഡയൽ ചെയ്യേണ്ടതുണ്ട്. അതേസമയം ഇ-കാൾ സംവിധാനത്തിൽ കാറിന് സ്വന്തം നിലക്ക് കാൾ ചെയ്യാൻ കഴിയും.
ആഭ്യന്തര മന്ത്രാലയം മേയ് മാസത്തിൽ പുറത്തിറക്കിയ ഓപൺ ഡേറ്റ പ്രകാരം 2022നെ അപേക്ഷിച്ച് യു.എ.ഇ റോഡുകളിലെ അപകടമരണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം മൂന്നു ശതമാനം വർധിച്ചിട്ടുണ്ട്. 2023ൽ രാജ്യത്തുടനീളം 352 റോഡപകട മരണങ്ങളാണുണ്ടായത്. 2022ൽ 343 മരണങ്ങളായിരുന്നു രജിസ്റ്റർ ചെയ്തത്. അതേസമയം 2023ലെ മരണസംഖ്യ 2021ൽ രേഖപ്പെടുത്തിയ മരണനിരക്കിനേക്കൾ എട്ടു ശതമാനം കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.