ദുബൈ: പുതിയ അഞ്ച്, 10 ദിർഹം നോട്ടുകൾ പുറത്തിറക്കിയതായി യു.എ.ഇ സെൻട്രൽ ബാങ്ക് അറിയിച്ചു.
രാജ്യത്തെ എല്ലാ ബങ്കുകളിലും തെരഞ്ഞെടുക്കപ്പെട്ട എ.ടി.എമ്മുകളിലും നോട്ട് എത്തിച്ചിട്ടുണ്ട്. നേരത്തേ പുറത്തിറക്കിയ പുതിയ 50 ദിർഹം നോട്ടുകളും കൂടുതലായി എത്തിച്ചിട്ടുണ്ട്.
പഴയ പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം നിലനിൽക്കുന്ന പോളിമർ ഉൽപന്നം കൊണ്ടാണ് പുതിയ കറൻസികൾ നിർമിച്ചിരിക്കുന്നത്.
അഞ്ച് ദിർഹം നോട്ടിൽ രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ ചിത്രത്തിന് പുറമെ അജ്മാനിലെയും റാസൽഖൈമയിലെയും കോട്ടകളുടെ ചിത്രവുമുണ്ട്. പത്ത് ദിർഹത്തിന്‍റെ നോട്ടിൽ അബൂദബി ശൈഖ് സായിദ് മസ്ജിദിന്‍റെയും ഖോർഫക്കാൻ ആംഫി തിയറ്ററിന്‍റെയും ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. വ്യാജ നോട്ടുകൾ സൃഷ്ടിക്കാൻ കഴിയാത്ത രീതിയിൽ ഉയർന്ന സുരക്ഷ സംവിധാനങ്ങളാണ് നോട്ടിലുള്ളതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, ബാങ്ക് ഓഫ് ഷാർജ എന്നിവയുടെ എ.ടി.എമ്മുകളിൽ പുതിയ നോട്ടുകൾ നിക്ഷേപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.