അബൂദബി: വർധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃക മിഡിൽ ഈസ്റ്റിൽ നടപ്പാക്കാൻ കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ കെരൽറ്റിയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്. പ്രഥമശുശ്രൂഷ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, സംയോജിത മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഏകീകരിക്കുന്ന മൂല്യാധിഷ്ഠിത ആരോഗ്യ മാതൃകയാണ് സംരംഭം നടപ്പാക്കുക. ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന് ‘അൽ കൽമ’ എന്നാണ് പേര്.
ഉയർന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കുന്ന അൽ കൽമ സൗദി അറേബ്യയിലാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. പ്രഥമ ആരോഗ്യ മാതൃകയിൽ സൗദി ശ്രദ്ധചെലുത്തുന്ന പശ്ചാത്തലം അൽകൽമക്ക് ഏറെ ഗുണകരമാകും. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കൊപ്പം നോർത്ത് ആഫ്രിക്കയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും.
പത്തു വർഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അൽ കൽമ ലക്ഷ്യമിടുന്നത്. കൊളംബിയയിലെ കാർട്ടജീന ഡി ഇൻഡ്യസിൽ നടന്ന ചടങ്ങിൽ സംയുക്ത സംരംഭ കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. കൊളംബിയയിലെ യു.എ.ഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ ഖാതിർ അൽ ഷംസി, ബുർജിൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സി.ഇ.ഒ ജോൺ സുനിൽ, കെരൽറ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.