മ​രു​ഭൂ​മി​യി​ൽ പു​ത്ത​ൻ ദേ​ശീ​യോ​ദ്യാ​നം

പ്രകൃതിവിഭവങ്ങളും ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്​ ഷാർജ. മധ്യമേഖലയിലെ മലീഹ മരുഭൂമിയെ ‘മലീഹ നാഷനൽ പാർക്ക്’ എന്ന സംരക്ഷിത ദേശീയോദ്യാനമാക്കി മാറ്റുന്നതാണ്​ പ്രഖ്യാപനം. 34 ചതുരശ്ര കി.മീറ്ററിലായി മലീഹ മരുഭൂമിയാണ് മലീഹ നാഷനൽ പാർക്കായി മാറുക. പുരാവസ്തു​ഗവേഷകരുടെ നേതൃത്വത്തിൽ ആഫ്രിക്കയുടെ പുറത്തുള്ള ആദ്യത്തെ മനുഷ്യവാസത്തിന്റെ തെളിവുകൾ ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കപ്പെട്ടിരുന്നു. രണ്ട് ലക്ഷം വർഷം പഴക്കമുള്ള, ആദ്യകാല മനുഷ്യകുടിയേറ്റത്തിന്റെ തെളിവുകളാണ് ഇവിടെ കണ്ടെത്തിയത്. പ്രകൃതിയും പൈതൃകവും സംരക്ഷിക്കുന്നതോടൊപ്പം സുസ്ഥിരമാതൃകകൾ പിൻപറ്റുന്ന വിനോദസ‍ഞ്ചാര അനുഭവങ്ങളും ആതിഥേയത്വവും സമ്മേളിക്കുന്ന ഷാർജയിലെ ആദ്യത്തെ കേന്ദ്രമായിരിക്കും മലീഹ നാഷനൽ പാർക്ക്.

സാംസ്കാരികപൈതൃക കേന്ദ്രം

മേഖലയിലെ തന്നെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയ മലീഹ, യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരികപൈതൃകവും ചരിത്രവും പ്രകൃതിവിഭവങ്ങളുമെല്ലാം സുസ്ഥിരമാതൃകകളിലൂടെ വരുംതലമുറകൾക്കായി കരുതിവെക്കാനുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മലീഹ നാഷണൽ പാർക്ക് എന്ന് ഷാർജ നിക്ഷേപവികസന അതോറിറ്റി(ശുറൂഖ്) ചെയർപേഴ്സൺ ശൈഖ ബൂദൂർ അൽ ഖാസിമി പറഞ്ഞു. ഷുറൂഖിന്റെ മേൽനോട്ടത്തിലാവും പുതിയ ദേശീയോദ്യാനത്തിന്റെ പ്രവർത്തനം. സംരക്ഷണ മേഖലയുടെ വേലിയടക്കമുള്ള നിർമാണപ്രവർത്തനം ഈ വർഷം മൂന്നാം പാദത്തോടെ പൂർത്തീകരിക്കുമെന്ന്, ഷാർജ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പദ്ധതി വിശദീകരിക്കവേ ശുറൂഖ് സി.ഇ.ഒ അഹ്മദ് അൽ ഖസീർ പറഞ്ഞു. അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ ഒരുക്കുന്ന മലീഹ നാഷണൽ പാർക്കിൽ ​ഗവേഷണ അവസരങ്ങളുമുണ്ടാവും. ഉന്നതനിലവാരത്തിലുള്ള പരിസ്ഥിതി-സാമൂഹിക സൗഹൃദ സംവിധാനങ്ങളൊരുക്കുക വഴി, വന്നെത്തുന്ന സഞ്ചാരികൾക്കും നിക്ഷേപകർക്കുമെല്ലാം ഏറ്റവും മികച്ച സൗകര്യങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മലീഹ നാഷനൽ പാർക്ക്: വിവിധ ദ​ൃശ്യങ്ങൾ

മൂന്ന് വിഭാ​ഗങ്ങളായി രൂപകൽപന

വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാര പ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിലായിട്ടാണ് മലീഹ നാഷണൽ പാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്. ദേശീയദ്യോനമാവുന്നതോടെ മലീഹ മരുഭൂമിയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഇനി പുതിയ നിയന്ത്രണങ്ങളുണ്ടാവുമെന്ന് ഉത്തരവിൽ പറയുന്നു. ദേശീയോദ്യാന പരിധിയിലെ മൃ​ഗവേട്ട, ​വാഹനങ്ങളുടെ ഉപയോ​ഗം, പ്രദേശത്ത് നിന്ന് എന്തെങ്കിലും ജൈവ ഉത്പന്നങ്ങൾ എടുക്കുന്നത്, സ്വാഭാവികമായി രൂപപ്പെട്ട പ്രകൃതി കാഴ്ചകളിൽ മാറ്റം വരുത്തുന്നത്, സസ്യജാലങ്ങളുടെയോ വന്യജീവികളുടെയോ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുന്നത്, വൃക്ഷങ്ങളോ തൈകളോ പറിക്കുന്നത്, മണ്ണോ ജലമോ വായുവോ മലിനമാക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നിയമനടപടിക്ക് വിധേയമാകും. പ്രകൃതിക്ക് കോട്ടം തട്ടുന്ന ക്യാമ്പിങ്​ അടക്കമുള്ള എന്തെങ്കിലും വിനോദപരിപാടികൾ ദേശീയോദ്യാന പരിധിയിൽ ഇതോടെ നിയന്ത്രിക്കപ്പെടും. നടത്തിപ്പിന്റെ ചുമതലയുള്ള സർക്കാർ അതോറിറ്റി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ മലീഹ നാഷണൽ പാർക്ക് പരിധിയിൽ വാണിജ്യപരമായോ വ്യക്തിപരമായോ ഉള്ള വിനോദപരിപാടികൾ അനുവദിക്കപ്പെടുകയുള്ളൂ. ദേശീയോദ്യാനത്തോട് ചേർന്നുള്ള ഇടങ്ങളിലും മലീഹ നാഷണൽ പാർക്കിന്റെ ആശയത്തിനോ പ്രവർത്തിനോ വിഘാതമാവുന്ന വിധത്തിലുള്ള പ്രവൃത്തികൾക്ക് നിയന്ത്രണമുണ്ടാവും.

വിനോദസഞ്ചാരമേഖലക്ക് ഉണർവ് പകരും

നിലവിൽ മലീഹയിൽ പ്രവർത്തിക്കുന്ന മലീഹ ആർക്കിയോളജിക്കൽ സെന്റർ, മൂൺ റിട്രീറ്റ്, അൽ ഫായ റിട്രീറ്റ്, സ്കൈ അഡ്വഞ്ചേഴ്സ്, ​ഗ്ലാംപിങ് ഏരിയ, മലീഹ ക്യാമ്പിങ് സൈറ്റ് എന്നിവയക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ മലീഹ നാഷണൽ പാർക്കിന്റെ ഭാ​ഗമായി തുടരും. അതിഥികൾക്കും സഞ്ചാരികൾക്കും പ്രകൃതിയോടിണങ്ങി സാഹസിക അനുഭവങ്ങളും ചരിത്രകാഴ്ചകളും അടുത്തറിയാനും കുട്ടികളടക്കമുള്ള സഞ്ചാരികൾക്ക് കൂടുതൽ അറിവ് നേടാനുമുള്ള അവസരങ്ങളും നാഷണൽ പാർക്കിലുണ്ടാവും. യു.എ.ഇയുടെ വിനോദസഞ്ചാരമേഖലക്ക് ഉണർവ് പകരുന്ന പുതിയപദ്ധതി, മലീഹയിലടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കൂടുതൽ രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കുമെന്നുമാണ് കരുതപ്പെടുന്നത്

Tags:    
News Summary - New national park in the desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.