ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നാണ് ഇ വേസ്റ്റുകള്‍. ചില വികസിത രാജ്യങ്ങളെങ്കിലും തങ്ങളുടെ ഇ വേസ്റ്റുകള്‍ അവികസിത രാജ്യങ്ങളിലേക്ക് തള്ളി വിടുകയോ കടലില്‍ തള്ളുകയോ ചെയ്തിട്ടുണ്ട്. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ദോഷം ചെയ്യുന്നുണ്ട് ഇ-വേസ്റ്റുകള്‍ എന്നാണ് പുതിയ പഠനങ്ങള്‍. നിരവധി രാജ്യങ്ങള്‍ ഇ-വേസ്റ്റുകള്‍ ഉയര്‍ന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്കരിച്ച് ഉപയോഗപ്രദമായ രീതിയില്‍ പരിവര്‍ത്തനം ചെയ്തെടുക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും വര്‍ധിച്ചു വരുന്ന ഇ-വേസ്റ്റുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ചെറുതല്ല. കാലഘട്ടത്തിന്റെ തേട്ടം കണക്കിലെടുത്ത് വര്‍ധിച്ചുവരുന്ന ഇ-വേസ്റ്റ് നിര്‍മ്മാർജനത്തിന് പുതിയ പദ്ധതിയൊരുക്കുകയാണ് അജ്മാന് നഗരസഭ. ഇ-വേസ്റ്റുകള്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ തന്നെ സംഭരിക്കുകയാണ്. ഇതിനായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ എമിറേറ്റിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് സമീപം സംഭരണ പെട്ടികള്‍ സ്ഥാപിച്ചു.
സിറ്റി സെന്റർ, ഫിഷർമാൻ സൊസൈറ്റി, നെസ്റ്റോ സെന്റർ(അൽ റഖായിബ്), അജ്മാൻ ബയോ ഫെർട്ടിലൈസേഴ്സ് ഫാക്ടറി, പരിസ്ഥിതി വികസന വകുപ്പ് കെട്ടിടം തുടങ്ങിയ ഇടങ്ങളിലാണ് ഇ-വേസ്റ്റ് സംഭരണികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇ-വേസ്റ്റ് രഹിത അജ്മാന് സൃഷ്ടിക്കാന്‍ ഒരുമിച്ച് മുന്നേറാം എന്ന പേരില്‍ കാമ്പയിന് തന്നെ സംഘടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങള്‍, ലഘുലേഖ, എസ്.എം.എസ് എന്നിവ വഴി പ്രചരണം നടത്തിയാണ് അജ്മാന് നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇത്തരത്തില്‍ സംഭരിക്കുന്ന ഇ-വേസ്റ്റുകള്‍ പരിസ്ഥിതിസൗഹൃദപരമായി സംസ്കരിക്കുകയും പുനരുപയോഗം സാധ്യമാക്കുകയും ചെയ്യുകയാണ് അജ്മാന് നഗരസഭ അധികൃതര്‍. ഇലക്ട്രോണിക്ക് മാലിന്യങ്ങളെക്കുറിച്ചും അതിന്റെ പ്രതികൂല പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും ശരിയായ രീതിയിൽ എങ്ങനെ പുനരുപയോഗം ചെയ്യുന്നുവെന്നും ഇതിൽ നിന്ന് എന്ത് നേട്ടമുണ്ടാക്കാമെന്നും ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഈ സംരംഭത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. അനുചിതമായി പുറന്തള്ളുന്ന മിക്ക ഇ-മാലിന്യങ്ങളിലും ചിലതരം ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അത്തരം വസ്തുക്കളുടെ വർധനവ് മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ അപകടമുണ്ടാക്കുമെന്നും മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും ഫലപ്രദമായ നിരവധി പുനരുപയോഗ മാർഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.