ദുബൈ: 2031ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിർഹമായി ഉയർത്താനുള്ള വ്യാപാര, വാണിജ്യ നയം പ്രഖ്യാപിച്ച് യു.എ.ഇ. അബൂദബിയിൽ നടക്കുന്ന സർക്കാർ പ്രതിനിധികളുടെ വാർഷിക യോഗത്തിന്റെ രണ്ടാം ദിനത്തിനുശേഷം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് എക്സ് അക്കൗണ്ടിലൂടെ പുതിയ നയം പ്രഖ്യാപിച്ചത്.
മൂന്നു ദിവസമായി നടക്കുന്ന യോഗം ബുധനാഴ്ച അവസാനിക്കും. ദേശീയ അസ്തിത്വം, കുടുംബം, നിർമിത ബുദ്ധി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മൂന്ന് ദേശീയ നയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഇത്തവണ യോഗത്തിലെ പ്രധാന അജണ്ടകൾ. ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ തലവന്മാർ പങ്കെടുത്ത യോഗത്തിൽ ദേശീയ മുൻഗണന വിഷയങ്ങളിൽ എട്ട് പാനൽ ചർച്ചകളും ഉൾപ്പെട്ടിരുന്നു.
ഭരണാധികാരികൾ, കിരീടാവകാശികൾ, ഫെഡറൽ, ലോക്കൽ ഗവൺമെന്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 500 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നിർമിതബുദ്ധിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങളെയും ബുദ്ധിജീവികളെയും പരിപാടിയിൽ ആദരിച്ചതായി ശൈഖ് മുഹമ്മദ് പറഞ്ഞു. വിവിധ എമിറേറ്റുകളിലെ സർക്കാറുകൾ തമ്മിലുള്ള യോഗത്തിനും കരാർ ഒപ്പുവെക്കലിനും യോഗം സാക്ഷിയായി.
കൂടാതെ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള സെഷനുകളും യോഗത്തിൽ നടന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2025ലേക്കുള്ള ദേശീയ പദ്ധതികളും പരിപാടികളും രൂപപ്പെടുത്തുകയും കേന്ദ്രീകൃത അജണ്ടകൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.