ദുബൈ: ആരോഗ്യരംഗത്തെ നിയന്ത്രണം ലക്ഷ്യമിട്ട് ദുബൈയിൽ പുതിയ ചട്ടം വരുന്നു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
ഫ്രീസോണുകള്‍ ഉള്‍പ്പെടെ ദുബൈയിലെ മുഴുവന്‍ ആരോഗ്യ മേഖലക്കും നിയമം ബാധകമാണ്. ദുബൈയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അവരുടെ അഫിലിയേറ്റഡ് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലെയും പ്രഫഷനലുകളെ പുതിയ പ്രമേയത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം പരാതികള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും ദുബൈ ആരോഗ്യവകുപ്പിന് (ഡി.എച്ച്.എ) കൂടുതല്‍ അധികാരം നല്‍കും. ആരോഗ്യ സംരക്ഷണ നയങ്ങളും മാനദണ്ഡങ്ങളും വികസിപ്പിക്കുക, സേവന ദാതാക്കള്‍ക്കും പ്രഫഷനലുകള്‍ക്കുമായി ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുക, നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയെല്ലാം പ്രധാന ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടും.
പുതിയ ചട്ടപ്രകാരം ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകള്ക്കെതിരായ രോഗികളുടെ പരാതികള്‍ അന്വേഷിക്കാന്‍ ദുബൈ ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമുണ്ട്.
നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്താനും അധികാരമുണ്ട്. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പ്രാക്ടീസ് കമ്മിറ്റിയിലേക്ക് റഫര്‍ ചെയ്യുകയുമാകാം. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ കൈകാര്യം ചെയ്യുന്ന ആരോഗ്യ വിവരങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുക, ആരോഗ്യരംഗത്തെ പ്രഫഷനലുകളും സൗകര്യങ്ങളും പരിശോധിക്കുക, ദുബൈ ആരോഗ്യരംഗത്തെ നടപടികള്‍ ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയും ആരോഗ്യവകുപ്പിന്റെ ചുമതലയാണ്.
കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ ദുബൈയിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളോ പ്രഫഷനലുകളോ പ്രവര്‍ത്തിക്കാന്‍ പാടില്ല. ലൈസന്‍സില്ലാത്ത പ്രഫഷനലുകളെയോ വിസിറ്റിങ് വിസയിലെത്തുന്ന ഡോക്ടര്‍മാരെയോ നിയമിക്കാന്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല.
ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രഫഷണലുകളോ ആരോഗ്യ കേന്ദ്രങ്ങളോ ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ദുബൈ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം ആരോഗ്യ പ്രഫഷനലുകളുടെ ലൈസന്‍സുകള്‍ ഓരോ വര്‍ഷം പുതുക്കാം.
ഡയറക്ടര്‍ ജനറലിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ദുബൈ ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രഫഷനലുകള്‍ക്ക് അവരുടെ ലൈസന്‍സുകള്‍ കൈമാറാന്‍ കഴിയില്ല. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യകേന്ദ്രം അടപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഡയറക്ടര്‍ ജനറലിനും മെഡിക്കല്‍ പ്രാക്ടീസ് കമ്മിറ്റിക്കും അധികാരമുണ്ട്. മൂന്ന് മാസം വരെയാണ് ഇതിന്റെ കാലയളവ്.
നിയമലംഘനത്തിന്റെ പേരിലുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാകുന്ന ആരോഗ്യരംഗത്തുള്ളവരെ സസ്പെന്‍ഡ് ചെയ്യാനും ഡി.എച്ച്.എയുടെ ഡയറക്ടര്‍ ജനറലിന് അധികാരമുണ്ടായിരിക്കും.
ആരോഗ്യ സംരക്ഷണ തൊഴിലുകളും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിലൂടെ ദുബൈയിൽ സമഗ്രവും ഉന്നത നിലവാരവുമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം നടപ്പാക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ 60 ദിവസത്തിനകം നിയമങ്ങള്‍ പ്രാബല്യത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.