ദുബൈ: അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ പുതിയ നയം രൂപപ്പെടുത്തുന്നതിനെ കുറിച്ച് യു.എ.ഇ സർക്കാർ പഠനം നടത്തും. യു.എ.ഇ പാർലമെന്‍ററി ബോഡിയായ ഫെഡറൽ നാഷനൽ കൗൺസിലിൽ ചോദ്യത്തിന് മറുപടിയായി സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉപഭോക്താക്കളെയും പ്രദേശിക ഉദ്പാദകരെയും വ്യവസായികളെയും കർഷകരെയും സംരക്ഷിക്കുക എന്ന ലക്ഷ്യവും പഠനത്തിന് പിന്നിലുണ്ട്. ഉദ്പാദകർക്ക് ന്യായമായ വില ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ അമിത വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതായിരിക്കും നയം. നിലവിൽ അവശ്യ സാധനങ്ങൾക്ക് സർക്കാർ വില നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. നിശ്ചിത ഉൽപന്നങ്ങൾക്ക് സർക്കാർ അനുമതിയോടെയല്ലാതെ വില വർധിപ്പിക്കാൻ കഴിയില്ല. ഈ നിയമം കൂടുതൽ ഫലവത്തായി നടപ്പാക്കുന്നതിനെ കുറിച്ച് നിയമം ചർച്ച ചെയ്യും.
അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് ഫോളോവിങ് അപ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. നീതീകരിക്കാത്ത രീതിയിൽ വിലവർധിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ മാസം മുട്ട ഉൾപെടെയുള്ള കോഴി ഉൽപന്നങ്ങൾക്ക് 13 ശതമാനം വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ആറ് മാസത്തേക്കാണ് വില വർധനവിന് അനുമതി നൽകിയത്. അതിന് ശേഷം പുനരാലോചിക്കും.
ഒമ്പത് യു.എ.ഇ ഉൽപന്നങ്ങൾ മാത്രമായി വില വർധന പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഉദ്പാദന ചെലവ് വർധിച്ചതിനാൽ വിവിധ സ്ഥാപനങ്ങളും ഫാമുകളും നിരന്തരമായി നൽകിയ അപേക്ഷയെ തുടർന്നാണ് വില വർധനവിന് അനുമതി നൽകിയതെന്ന് സാമ്പത്തിക കാര്യമന്ത്രാലയം അറിയിച്ചിരുന്നു. കോഴി ഉൽപന്നങ്ങളുടെ നിർമാണചെലവിനെ കുറിച്ച് പഠിക്കാൻ മന്ത്രാലയം പ്രത്യേക സമിതിയെയും നിയമിച്ചിരുന്നു. ഭക്ഷ്യ എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, ചിക്കൻ, ബ്രഡ്, ധാന്യം, ശുചീകരണ വസ്തുക്കൾ തുടങ്ങിയവക്ക് സർക്കാർ വിലനിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഇവക്ക് വില വർധിപ്പിക്കണമെങ്കിൽ സൂപ്പർമാർക്കറ്റുകൾ അധികൃതരുടെ അനുമതി തേടണം. വില വർധനവ് തടയാൻ യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോ ഓപറേറ്റീവ് സ്ഥാപനമായ യൂനിയൻ കോപ് ആറ് മാസത്തേക്ക് 70 ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ലുലു ഉൾപെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും പ്രൈസ് ലോക്ക് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.