ഷാർജ വിമാനത്താവളം
ഷാർജ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്കേറുന്ന സാഹചര്യത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഷാർജ വിമാനത്താവളം അതോറിറ്റി. അഞ്ചുലക്ഷത്തിലേറെ യാത്രക്കാരെയാണ് മാർച്ച് 27 മുതൽ ഏപ്രിൽ ആറു വരെയുള്ള ദിവസങ്ങളിൽ വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്.
ആകെ 3,344 വിമാന സർവിസുകളാണ് ഈ ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാർ, കുട്ടികൾ, ഭിന്നശേഷിക്കാരായ യാത്രക്കാർ എന്നിവരെ സഹായിക്കുന്നതിനും മറ്റു ഉപഭോക്തൃ സേവനങ്ങൾക്കുമായാണ് കൂടുതൽ ജീവനക്കാരെ നിയമിച്ചത്. തിരക്കേറുന്ന സാഹചര്യത്തിൽ യാത്രക്കാർ സ്മാർട്ട് ചെക് ഇൻ രീതികൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതോടൊപ്പം യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഷാർജ വിമാനത്താവളം വഴി കടന്നുപോയത് 1.7കോടി യാത്രക്കാരാണ്. മുൻ വർഷത്തേക്കാൾ 11.4ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.