ദുബൈ: കെട്ടിട ഉടമകൾക്ക് നിർമാണ ലൈസൻസ് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിനും ഭൂമി ഉൾപ്പെടെയുള്ള ആസ്തികളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി ദുബൈ മുനിസിപ്പാലിറ്റി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ദുബൈ മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള ഡിജിറ്റൽ പോർട്ടലിലാണ് പുതിയ സേവനംകൂടി ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റിലെ കൺട്രോൾ പാനലിൽ ക്ലിക് ചെയ്ത് യു.എ.ഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ സേവനങ്ങൾ ലഭ്യമാകും. ഒരു നിർദിഷ്ട ഭൂമി തിരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് വിവിധ സ്കീമുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനുകൾക്കൊപ്പം ഏരിയയുടെ പേര്, ഉടമസ്ഥാവകാശ തരം, ഔദ്യോഗികമായി സൈറ്റ്മാപ്പ് പ്രസിദ്ധീകരിച്ച തീയതി തുടങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട അവശ്യ വിവരങ്ങൾ തൽക്ഷണം കാണാനും ഉപയോഗിക്കാനും കഴിയും. ഇതുപയോഗിച്ച് ആസ്തികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് കെട്ടിടനിർമാണ ലൈസൻസുകൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. കോർപറേറ്റുകൾക്കും വ്യക്തികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പോർട്ടൽ സേവനങ്ങളുടെ ക്രമീകരണമെന്ന് ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസി സി.ഇ.ഒ എൻജിനീയർ മറിയം അൽ മുഹൈരി പറഞ്ഞു. ഏറ്റവും നൂതനവും സമഗ്രവുമായ ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന പ്രയത്നങ്ങളുടെ ഭാഗമായാണ് പുതിയ പോർട്ടൽ വികസിപ്പിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.