ദുബൈ: വിദഗ്ധരും കഴിവുറ്റവരുമായ യുവാക്കളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ പുതിയ സംവിധാനവും ബിസിനസ് ലീഡർഷിപ് അക്കാദമിയും അടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തികകാര്യ മന്ത്രാലയത്തിലാണ് പദ്ധതികളുടെ പ്രഖ്യാപനം നടന്നത്.
ബിസിനസ് രംഗത്ത് യുവാക്കളെ ഉയർത്തിക്കൊണ്ടുവരാൻ 'സ്കിൽ അപ്' എന്ന പേരിലാണ് അക്കാദമി സ്ഥാപിക്കുക. 'സ്കെയിൽ അപ്' എന്ന പ്ലാറ്റ്ഫോമാണ് സ്റ്റാർട്ടപ്പുകളെ പിന്തുണക്കാനായി രൂപപ്പെടുത്തുന്നത്. 'ഗ്രോ ഇൻ യു.എ.ഇ' എന്ന പേരിൽ നിക്ഷേപ നയങ്ങളും അവസരങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന സംയോജിത സംവിധാനവും ആരംഭിക്കും. യുവാക്കളെയും പ്രഗല്ഭരായ പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ വ്യക്തമായ ദേശീയ അജണ്ട രൂപപ്പെടുത്തിയതായി ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ വിപണികളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കുടുംബ ബിസിനസുകൾക്കുള്ള സഹായ പദ്ധതിയും അന്താരാഷ്ട്ര സർവകലാശാലകളുമായി ചേർന്ന് സാമ്പത്തിക ശാസ്ത്ര ഗവേഷണ സ്ഥാപനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എ.ഇയിലെ പുതിയ സാമ്പത്തിക അവസരങ്ങൾ അടിസ്ഥാനമാക്കി ആഗോള നിക്ഷേപ സമ്മേളനവും പദ്ധതിയുടെ ഭാഗമായി നടക്കും. അടുത്ത വർഷം മാർച്ച് 22നാണ് ഇത് സംഘടിപ്പിക്കുക.
രാജ്യത്തിെൻറ സാമ്പത്തിക പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ മുന്നോട്ടുപോവുകയാണെന്നും എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അടുത്ത 50 വർഷത്തേക്കുള്ള മുന്നേറ്റത്തിെൻറ പാതയിലാണെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.