അബൂദബി: എമിറേറ്റിൽ റോഡ് നിർമാണത്തിനും വികസനത്തിനുമായി പ്രഖ്യാപിച്ച 1310 കോടി ദിർഹമിന്റെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി അബൂദബി മൊബിലിറ്റി അറിയിച്ചു. 3500ലേറെ വാഹനങ്ങള്‍ക്ക് സുഗമയാത്രയൊരുക്കുന്ന പുതിയ ലൈനുകൾ സുല്‍ത്താന്‍ ബിന്‍ സായിദ് റോഡില്‍ കൂട്ടിച്ചേര്‍ത്തതായും ഇതിലൂടെ ജങ്ഷനിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനായെന്നും അധികൃതർ അറിയിച്ചു.
നടപ്പാത നിര്‍മാണവും ഇവിടെ നടത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വാഹനങ്ങളുടെ സുഗമമായ യാത്ര 40 ശതമാനം വര്ധിപ്പിക്കാനാവുമെന്നും ഇരുചക്രവാഹനങ്ങള്‍ക്കായി പ്രത്യേക ലൈനുകള്‍ നിര്മിച്ചുവരുകയാണെന്നും അബൂദബി മൊബിലിറ്റി അറിയിച്ചു. അല്‍ റാഹ ബീച്ച് റോഡില്‍ നിന്ന് (ഇ10) സഅദിയാത്ത് ഐലന്‍ഡ് വരെ നീളുന്ന 25 കിലോമീറ്റര്‍ പാതയാണ് ആദ്യ പദ്ധതി.
നാലു മുതല്‍ അഞ്ച് ലൈന്‍ വരെ ഈ പാതയിലുണ്ടാവും. അല്‍ സമാലിയ, ഉം യിഫീന, സഅദിയാത്ത്, അല്‍റീം തുടങ്ങി നിരവധി ദ്വീപുകളിലേക്കു പോവുന്നതിനും വരുന്നതിനുമുള്ള സൗകര്യം ഈ പാതകളിലുണ്ടാവും. ഈ പാതയില്‍ ഇരുദിശകളിലേക്കുമായി മണിക്കൂറില്‍ 8000 മുതല്‍ 10000 വരെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവുമെന്ന് എഡി മൊബിലിറ്റിയിലെ പഠന, രൂപകല്പന വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല ഹമദ് അല്‍ ആര്യാനി പറഞ്ഞു.
രണ്ടു ഘട്ടമായാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടത്തില്‍ സഅദിയാത്ത് ദ്വീപില്‍ നിന്ന് ഉം യിഫീന വരെയാണ് നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ഇവിടെ നിന്ന് അല്‍ റാഹ ബീച്ച് റോഡ് വരെയുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. 300 കോടി ദിർഹം ചെലവ് വരുന്ന ആദ്യ ഘട്ടം 2027 നാലാം പാദത്തില്‍ പൂര്‍ത്തിയാവും. 700 കോടി ദിര്‍ഹം ചെലവു വരുന്ന രണ്ടാം ഘട്ടം 2029ന്റെ അവസാനത്തോടെ പൂര്‍ത്തിയാവും.
അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റ് ആണ് രണ്ടാമത്തെ പദ്ധതി. അല്‍ അറബി സ്ട്രീറ്റില്‍ (ഇ20) നിന്ന് എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ച്, ബ്രിഡ്ജസ് കോംപ്ലക്സ് ഇന്റര്‍ചേഞ്ച് എന്നിവക്കിടയിലാണ് ഈ പാതയുടെ നിര്‍മാണം. ഖലീഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കുള്ള തിരക്കുകള്‍ കുറക്കുകയാണ് ഈ പാതയിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള ഇന്റര്‍ചേഞ്ച് (ഐസി3) നവീകരിക്കുകയും ഖലീഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്ക് കടന്നുപോകാനായി ഐസി 5 എന്ന പുതിയ ഇന്റര്‍ചേഞ്ച് നിര്‍മിക്കുകയും ചെയ്യും. നിലവിലെ മൂന്നു ലൈനുകള്‍ അഞ്ചായി വര്‍ധിപ്പിക്കും. 2026 ആദ്യം ഈ പദ്ധതി പൂര്‍ത്തിയാവും.
110 കോടി ദിര്‍ഹമാണ് പദ്ധതി ചെലവ്. മുസ്സഫ റോഡിലെ (ഇ30) നവീകരണമാണ് മൂന്നാം പദ്ധതി. നാല് ഇന്റര്‍സെക്ഷനുകളിലെ തിരക്ക് കുറക്കുകയാണ് പ്രധാന ലക്ഷ്യം. മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മുസ്സഫ എന്നിവക്കിടയിലായി രണ്ട് പുതിയ പാലങ്ങള്‍ നിര്‍മിക്കും. 2026 നാലാം പാദത്തില്‍ നിര്‍മാണം പൂര്‍ത്തിയാവും. 200 കോടി ദിര്‍ഹമാണ് പദ്ധതിച്ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.