റാസല്‍ഖൈമ: എമിറേറ്റില്‍ ജുഡീഷ്യല്‍ ഫീസുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. പുതിയ നിയമത്തില്‍ 39 ആര്‍ട്ടിക്കിളുകളിലായി 11 അധ്യായങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
കോടതികളും പബ്ലിക്ക് പ്രോസിക്യൂഷന് വകുപ്പും ഈടാക്കുന്ന ജുഡീഷ്യല്‍ ഫീസുകളുടെ പട്ടികയും ചേര്‍ത്താണ് ഉത്തരവ്. സിവില്‍, വാണിജ്യം, വാടക - തര്‍ക്കം, എക്സിക്യൂട്ടിവ് തുടങ്ങിയ വ്യവഹാരങ്ങളിലെല്ലാം ഫീസ് നിരക്ക് കുറച്ചതാണ് ശ്രദ്ധേയം. വ്യവഹാരത്തിന്റെ മൂല്യത്തിനനുസരിച്ച് ഉയര്‍ന്ന ഫീസ് പരിധി നിശ്ചയിക്കുന്നതിലാണ് ഊന്നല്‍. കോടതികള്‍ക്ക് മുമ്പാകെയുള്ള വിധികള്‍ അപ്പീല്‍ ചെയ്യുന്നതിനുള്ള ഫീസ് കുറക്കുന്നതും നിയമത്തില്‍ ഉള്‍പ്പെടുന്നു. റാസല്‍ഖൈമ കൈവരിക്കുന്ന നേട്ടങ്ങള്ക്കനുസൃതമായാണ് പുതിയ നിയമം.
കോടതിയെ സമീപിക്കുന്നത് എളുപ്പമാക്കുകയും അധിക സാമ്പത്തിക ബാധ്യതകളില്ലാതെ വ്യവഹാരങ്ങള്‍ ഫയല്‍ ചെയ്യാനും അവകാശങ്ങള്‍ സംരക്ഷിക്കാനും സമൂഹത്തെ പ്രാപ്തമാക്കുകയുമെന്നതും പരിഷ്കരിച്ച നിയമത്തിന്റെ ലക്ഷ്യമാണ്.
താമസക്കാരുടെ കുടുംബപരവും സാമൂഹികവുമായ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും എല്ലാ അംഗങ്ങള്‍ക്കും മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കും വിധം ജീവിതം സുഗമമാക്കുന്നതിനും സഹായിക്കുന്നതാണ് കോടതിയുമായി ബന്ധപ്പെട്ട പുതിയ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.