അജ്മാന്: പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അജ്മാനിലെ പെയ്ഡ് പാര്‍ക്കിങ് സംവിധാനങ്ങള്‍ നിരീക്ഷിക്കും. അജ്മാനിലെ വിവിധ പെയ്ഡ് പാര്‍ക്കിങ് മേഖലയിലാണ് പുതിയ കാമറ നിരീക്ഷണങ്ങള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. അജ്മാന് നഗരസഭ അധികൃതരാണ് ഇതിന്റെ ഭാഗമായി പുതിയ കാമറകള്‍ ഒരുക്കിയിരിക്കുന്നത്. എമിറേറ്റിലെ ആയിരത്തിലേറെ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളിലാണ് സ്മാർട്ട് കാമറകളുടെ സഹായത്താല്‍ നിരീക്ഷണം നടത്തുന്നത്. ഇതുവരെ പ്രത്യേകം ആളുകളെ നിയമിച്ച് നടത്തിയിരുന്ന നിരീക്ഷണം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ കാമറകള്‍ നിരീക്ഷിക്കും. അജ്മാനിലെ പെയ്ഡ് പാര്‍ക്കിങ് മേഖലകളില്‍ ഇതിനായി സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കും. കൂടാതെ, സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിച്ച വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ എത്തുന്ന വാഹനത്തിന്റെ രജിസ്റ്റര്‍ ചെയ്ത എമിറേറ്റ്, വാഹനത്തിന്റെ കാറ്റഗറി, പാര്‍ക്ക് ചെയ്യുന്ന സമയം, നിറം, നമ്പര്‍ എന്നിവ ഈ കാമറ ഒപ്പിയെടുക്കും. നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് കൃത്യമായി പാര്‍ക്കിങ് ചെയ്യുന്നുണ്ടോ, കൃത്യമായി പണം അടക്കുന്നുണ്ടോ എന്നിവ ഈ കാമറ നിരീക്ഷിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള ശക്തമായ നടപടികള്‍ ഇതിനോടനുബന്ധിച്ച് സ്വീകരിക്കുന്നതായിരിക്കും.
പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി നിര്‍വഹിച്ചു. നഗരസഭ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകൾ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. പാര്‍ക്കിങ് മേഖലകളില്‍ വർധിച്ച ഫലപ്രാപ്തിയും കാര്യക്ഷമതയും കൈവരിക്കുന്നതിനാണ് നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം ശൈഖ് റാശിദ് ബിൻ ഹുമൈദ് സ്ട്രീറ്റ്, ശൈഖ് ഹുമൈദ് ബിൻ റാശിദ് സ്ട്രീറ്റ്, ഗോള്‍ഡ് സൂഖ് ഏരിയ, മുഹമ്മദ് സലേം ബു ഖാമിസ് സ്ട്രീറ്റ് തുടങ്ങിയ മേഖലകളിലാണ്. രണ്ടാം ഘട്ടത്തില്‍ അജ്മാനിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.