ദുബൈ: യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ കോർപറേറ്റ് നികുതി പ്രഖ്യാപിച്ച് സാമ്പത്തികകാര്യ മന്ത്രാലയം. 75 കോടി യൂറോയോ അതിന് മുകളിലോ ആഗോള വരുമാനമുള്ള ബഹുരാഷ്ട്ര കമ്പനികൾ 15 ശതമാനം കോർപറേറ്റ് നികുതി അടക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഡൊമസ്റ്റിക് മിനിമം ടോപ്പപ്പ് ടാക്സ് (ഡി.എം.ടി.ടി) എന്ന പേരിൽ പ്രഖ്യാപിച്ച നികുതി അടുത്ത സാമ്പത്തിക വർഷമോ 2025 ജനുവരി മുതലോ പ്രാബല്യത്തിൽ വരും. നിലവിൽ യു.എ.ഇയിൽ കോർപറേറ്റ് നികുതി ലാഭത്തിന്റെ ഒമ്പത് ശതമാനമാണ്.
എന്നാൽ, ബഹുരാഷ്ട്ര കമ്പനികൾക്ക് ആഗോള നിലവാരം അനുസരിച്ച് ന്യായവും സുതാര്യവുമായ നികുതി സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. നികുതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ധനമന്ത്രാലയം പിന്നീട് പുറത്തുവിടും. പുതിയ നികുതി നടപ്പിലാക്കുന്നതിന് മുന്നോടിയായി റിസർച് ആൻഡ് ഡവലപ്മെന്റ് (ആർ ആൻഡ് ഡി) ഇക്കഴിഞ്ഞ ഏപ്രിലിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതിൽ ലഭിച്ച നിർദേശങ്ങൾ അനുസരിച്ചാണ് പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചത്.
അതേസമയം, സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്തുക, ബിസിനസ് ചെയ്യാനുള്ള സാഹചര്യം സുഗമമാക്കുക തുടങ്ങിയ ദേശീയ നയപരമായ ലക്ഷ്യങ്ങളിൽ കേന്ദ്രീകരിച്ച് ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന നടപടികൾ തുടരുമെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.