ദുബൈ: പുതുവത്സരാഘോഷം സുരക്ഷിതവും തടസ്സ രഹിതവുമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി അധികൃതർ. പുതുവത്സരാഘോഷം പ്രയാസരഹിതമാക്കുന്നതിന് അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ദുബൈയിലെ അന്താരാഷ്ട്ര, പ്രാദേശിക ഇവന്റുകൾ സുരക്ഷിതമാക്കുന്നതിനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി ബുധനാഴ്ച അറിയിച്ചു. നഗരത്തിൽ ഡിസംബർ 31ന് ആഘോഷത്തിന് മുന്നോടിയായി വിവിധ റോഡുകൾ അടച്ചിടുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഡൗൺടൗൺ അടക്കം നഗരത്തിലെ പ്രധാന ആഘോഷസ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവർ നേരത്തേ പുറപ്പെടണമെന്നും പൊതുഗതാഗതം ഉപയോഗപ്പെടുത്തണമെന്നും മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വലിയ ബാഗുകൾ അടക്കമുള്ളവ കൈയിൽ സൂക്ഷിക്കാതിരുന്നാൽ സുരക്ഷപരിശോധനയിലെ സമയനഷ്ടം ഒഴിവാക്കാമെന്നും അദ്ദേഹം നിർദേശിച്ചു.
വിവിധ റോഡുകളിൽ വൈകുന്നേരം നാലു മണി മുതലാണ് വാഹനങ്ങളുടെ പ്രവേശനത്തിന് വിലക്കുണ്ടാവുക. പരമാവധി പൊതുജനങ്ങൾക്ക് ആഘോഷവേദികളിൽ എത്തിച്ചേരുന്നതിനാണ് റോഡുകൾ അടക്കുന്നത്. ബുർജ് ഖലീഫ ദുബൈ മെട്രോ സ്റ്റേഷനും വൈകുന്നേരം അഞ്ചു മണി മുതൽ അടക്കും. ദുബൈ ട്രാം രാവിലെ ഒമ്പതു മുതൽ ജനുവരി രണ്ടുവരെ തുടർച്ചയായി 40 മണിക്കൂർ പ്രവർത്തിക്കും.
ദുബൈ മെട്രോ രാവിലെ എട്ടു മുതൽ 2024 ജനുവരി ഒന്ന് അർധരാത്രി വരെ സർവിസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഫെസ്റ്റിവൽ സിറ്റി, ഹത്ത തുടങ്ങിയവ ഉൾപ്പെടെ 32 സ്ഥലങ്ങളിലാണ് ദുബൈയിൽ ആഘോഷ ചടങ്ങുകൾ അരങ്ങേറുന്നത്. സന്ദർശകർക്ക് സഹായങ്ങൾ നൽകുന്നതിന് 30 ടെന്റുകൾ സ്ഥാപിക്കുമെന്നും കമ്മിറ്റി അറിയിച്ചു. മൂന്നു മാസം മുമ്പുതന്നെ പുതുവത്സരാഘോഷം മുന്നിൽ കണ്ട് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), സിവിൽ ഡിഫൻസ്, ദുബൈ ആംബുലൻസ് തുടങ്ങിയവ സംയുക്തമായി ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. 32 ആഘോഷ വേദികളിലുമായി 1300ലധികം പൊലീസിനെ പട്രോളിങ്ങിനായി വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.