ദുബൈ: പുതുവത്സരാഘോഷ ദിനമായ ശനിയാഴ്ച ദുബൈയിലെ മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യം. പുതുവത്സരത്തലേന്ന് വെള്ളിയാഴ്ചയായതിനാൽ രണ്ടുദിവസം തുടർച്ചയായി താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും സൗജന്യ പാർക്കിങ് ലഭ്യമാകും. ദുബൈയിലെ വിവിധ ഗതാഗത സൗകര്യങ്ങളുടെ പുതുക്കിയ സമയക്രമവും ആർ.ടി.എ പുറത്തുവിട്ടു. പുതുവത്സര ആഘോഷത്തിന് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനും മടങ്ങാനുമുള്ള സൗകര്യം പരിഗണിച്ചാണ് തീരുമാനം. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആർ.ടി.എ ആവശ്യപ്പെട്ടു.
• ദുബൈ മെട്രോ
മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിൽ പുതുവത്സര ദിനത്തിൽ മുഴു സമയം പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന മെട്രോ പ്രവർത്തനം ജനുവരി രണ്ട് പുലർച്ചെ 2.15 വരെ തുടർച്ചയായി ഓടും. ഞായറാഴ്ച രാവിലെ എട്ടുമുതൽ പുലർച്ചെ 1.15വരെയാണ് മെട്രോ സർവിസ് നടത്തുക.
• ദുബൈ ട്രാം
ട്രാം സർവിസുകൾ വെള്ളിയാഴ്ച രാവിലെ 9 മുതൽ ഞായറാഴ്ച പുലർച്ചെ ഒന്നുവരെയും, ഞായറാഴ്ച രാവിലെ 9 മുതൽ തിങ്കളാഴ്ച രാവിലെ ഒരു മണിവരെയും സർവിസ് നടത്തും.
• ബസുകൾ
ഗോൾഡ് സൂഖ് അടക്കമുള്ള പ്രധാന ബസ് സ്റ്റേഷനുകളെല്ലാം രാവിലെ 4.50 മുതൽ പുലർച്ചെ 1.22വരെയും അൽ ഗുബൈബ സ്റ്റേഷൻ രാവിലെ 4.26 മുതൽ പുലർച്ചെ 12.57വരെയും പ്രവർത്തിക്കും. സത്വ അടക്കമുള്ള സബ് സ്റ്റേഷനുകളിൽ ബസുകൾ 4.45 മുതൽ രാത്രി 11.50വരെ പ്രവർത്തിക്കും. റൂട്ട് സി01 ദിവസം മുഴുവനും പ്രവർത്തിക്കും. അൽ ഖുസൈസ് ബസ് സ്റ്റേഷൻ 4.50 മുതൽ പുലർച്ചെ 12.04വരെയും അൽഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ രവിലെ 5.02 മുതൽ രാത്രി 11.30വരെയും ജബൽ അലി സ്റ്റേഷൻ 4.58 മുതൽ രാത്രി 11.47വരെയും പ്രവർത്തിക്കും. ഇന്‍റർസിറ്റി ബസുകൾക്കും വാണിജ്യ കോച്ചുകൾക്കും അൽ ഗുബൈബ പോലുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 6.40 മുതൽ രാത്രി 10.20 വരെ പ്രവർത്തിക്കും. യൂനിയൻ സ്ക്വയർ രാവിലെ 4.25 മുതൽ 12.15 വരെയും ദേര സിറ്റി സെന്‍റർ രാവിലെ 6.40 മുതൽ രാത്രി 11.30 വരെയും അൽ സബ്ഖ രാവിലെ 6.30 മുതൽ രാത്രി 10.30 വരെയും ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ രാവിലെ 6 മുതൽ രാത്രി 9 വരെയും അബു ഹെയിൽ മെട്രോ സ്റ്റേഷൻ രാവിലെ 6.30 മുതൽ രാത്രി 10.35 വരെയും രാവിലെ 5.30 മുതൽ രാത്രി 9.30 വരെ ഹത്ത സ്റ്റേഷനും പ്രവർത്തിക്കും. അതേസമയം, എക്സ്പോ റൈഡർ ദുബൈ സ്റ്റേഷനുകളിൽ നിന്ന് വെള്ളിയാഴ്ച രാത്രി 10ന് നിർത്തിവെക്കും. എക്സ്പോ റൈഡർ ഇന്‍റർസിറ്റി സ്റ്റേഷനുകളിൽ നിന്നുള്ള ട്രിപ്പുകൾ രാത്രി 8 ന് നിർത്തിവെക്കും.
പുതുവത്സരരാവിൽ ചില റോഡുകൾ അടച്ചിടും
ദുബൈ: പുതുവത്സരരാവിൽ ട്രാഫിക് എളുപ്പമാക്കുന്നതിന് ചില റോഡുകളിൽ ഗതാഗതം വിലക്കുമെന്ന് ദുബൈ അധികൃതർ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറുവരെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷനും അടച്ചിടും. പാർക്കിങ് നിറയുന്നതിന് അനുസരിച്ച് ബുർജ് ഖലീഫക്കു സമീപത്തെ മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡും വൈകീട്ട് നാലുമുതൽ ഏഴുവരെ അടച്ചിടും. ഹോട്ടലുകളിലും കഫെകളിലും ബുക്ക് ചെയ്തവർ നേരത്തേയെത്തണമെനും അധികൃതർ അറിയിച്ചു. ലോവർ ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റും സുകുക് സ്ട്രീറ്റും രാത്രി എട്ടു മുതൽ അടച്ചിടും. അൽ അസായൽ സ്ട്രീറ്റ് (ഔദ് മേത്തയിൽനിന്ന്) വൈകീട്ട് നാലു മുതൽ അടച്ചിടും. സബീൽ-II നും മെയ്ദാനും ഇടയിലെ അൽ മുസ്തഖ്ബൽ സ്ട്രീറ്റും വൈകീട്ട് നാലിനും എട്ടിനും ഇടയിൽ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.