റാസല്‍ഖൈമ: മുന്‍നിര വിനോദകേന്ദ്രമെന്ന പദവി അരക്കിട്ടുറപ്പിക്കുന്ന ലോകപ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് റാസല്‍ഖൈമ. രണ്ടു ലോക റെക്കോഡുകള്‍ പിറന്ന വെടിക്കെട്ട് പ്രകടനം ആസ്വദിക്കാനെത്തിയവരാല് അല്‍ മര്‍ജാന്‍ ഐലൻഡ് ഉള്‍പ്പെടുന്ന ജസീറ അല്‍ ഹംറയും പരിസരപ്രദേശവും വീര്‍പ്പുമുട്ടി. ശനിയാഴ്ച ഉച്ചയോടെ അല്‍മര്‍ജാന്‍ ഐലൻഡിലേക്കുള്ള എല്ലാ വഴികളും വാഹനത്തിരക്കിലമര്‍ന്നു. കനത്ത സുരക്ഷ-ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായി ജനപ്രവാഹം.
കരയും കടലും ഒരുപോലെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചകളില്‍ പ്രകാശപൂരിതമായ പുതുവര്‍ഷ രാവിലെ പൈറോ-മ്യൂസിക്കല്‍ ഷോയിലൂടെ ഇംഗ്ലീഷ്-അറബി ഭാഷയില്‍ രണ്ടു ശീര്‍ഷകങ്ങള്‍ ഉയരങ്ങളില്‍ രൂപപ്പെട്ടതോടെയാണ് 12 മിനിറ്റ് ദൈര്‍ഘ്യമേറിയ കരിമരുന്ന് വിരുന്നിലൂടെ റാസല്‍ഖൈമ ഇരട്ട ഗിന്നസ് റെക്കോഡ് കൈവരിച്ചത്. Happy new year 2023, RAKashida തുടങ്ങിയവയായിരുന്നു ശീര്‍ഷകങ്ങള്‍. അറബി കാലിഗ്രഫിയില്‍ കടല്‍, മരുഭൂമി, പർവതങ്ങള്‍ തുടങ്ങി മൂന്നു പ്രകൃതിഘടകങ്ങളെ ഉള്‍ക്കൊള്ളുന്ന വാചകമാണ് ‘കാഷിദ’ (Kashida).
നാനോ ലൈറ്റുകള്‍, വര്‍ണങ്ങള്‍, ആകൃതികള്‍ തുടങ്ങിയവയിലൂടെ ഇലക്ട്രിക് ബീറ്റുകളിലെ നൃത്തങ്ങള്‍ നയനാനന്ദകരമായ കാഴ്ച സന്ദര്‍ശകരില്‍ കൗതുകമുളവാക്കുന്നതായി. 4.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബേസ്മെന്റിലാണ് ഇലക്ട്രിക് ബീറ്റുകള്‍ സംവിധാനിച്ചിരുന്നത്. ഇതിലൂടെ വര്‍ണവിസ്മയം 1100 മീറ്റര്‍ ഉയരങ്ങളിലെത്തി. ഒരേ സമയം വെടിക്കെട്ട് പ്രദര്‍ശനത്തിന് 673 ഡ്രോണുകളാണ് അണിനിരന്നത്.
458 ഡ്രോണുകളുടെ മുന്‍ റെക്കോഡാണ് മറികടന്നത്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അതുല്യമായ പുതുവത്സരാഘോഷമാണ് റാസല്‍ഖൈമ സമ്മാനിച്ചതെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. മുന്‍നിര ടൂറിസം കേന്ദ്രമെന്ന നിലയില്‍ റാസല്‍ഖൈമ അതിന്റെ സ്ഥാനം ഒരിക്കല്‍കൂടി തെളിയിച്ചു. 30,000ത്തിലേറെ സന്ദര്‍ശകരെത്തിയ വലിയ ആഘോഷമായി അല്‍മര്‍ജാന്‍ ഐലൻഡില്‍ നടന്ന പുതുവത്സര വരവേൽപ് മാറിയെന്നും റാക്കി ഫിലിപ്സ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.