ദുബൈ: ആയിരങ്ങളുടെ ആഘോഷനഗരിയായ ഗ്ലോബൽ വില്ലേജിൽ പുതുവത്സരരാവിൽ വിപുലമായ പരിപാടികൾ. വിവിധ രാജ്യങ്ങളിൽ പുതുവത്സരപ്പിറവികൾ സംഭവിക്കുന്ന സമയത്ത് പ്രത്യേകമായ ആഘോഷങ്ങളാണ് ഇത്തവണയും ആഗോള ഗ്രാമത്തിൽ ഒരുക്കിയിട്ടുള്ളത്. രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കംകുറിക്കുക. ഫിലിപ്പീൻസിൽ പുതുവർഷം പിറക്കുന്ന ഈ സമയത്ത് പ്രധാനവേദിയിൽ ആഘോഷാരവങ്ങൾ ഉയരും. ഒമ്പതു മണിക്ക് തായ്ലൻഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, 12ന് യു.എ.ഇ എന്നിങ്ങനെ ഓരോ രാജ്യത്തെയും പുതുവത്സരപ്പിറവികൾ ക്രമപ്രകാരം ആഘോഷിക്കും. ഒരു മണിക്ക് തുർക്കിയുടെ ആഘോഷത്തോടെയാണ് സമാപിക്കുക.
ഓരോ പുതുവത്സരപ്പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും. ഇതിലൂടെ രാവു മുഴുവൻ ആഘോഷമായിത്തീരുമെന്ന് അധികൃതർ പറഞ്ഞു. ഒരു രാത്രി മുഴുവൻ പ്രധാന സ്റ്റേജിലും പാർക്കിന് ചുറ്റും ആകാശത്തും ടൺകണക്കിന് വിനോദങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് വിനോദ വിഭാഗം ഡയറക്ടർ ഷൗൻ കോർണൽ പറഞ്ഞു.
ഡിസംബർ 31 ശനിയാഴ്ച ഗ്ലോബൽ വില്ലേജ് സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വൈകീട്ട് നാലിന് ആരംഭിച്ച് പുലർച്ചെ രണ്ടു വരെയാണ് പുതുവത്സര രാവിൽ തുറന്നുപ്രവർത്തിക്കുക.പ്രത്യേക ആഘോഷങ്ങൾക്കു പുറമെ ഇവിടെ ഒരുക്കിയ 90ലേറെ വരുന്ന സംസ്കാരങ്ങളുടെ കാഴ്ചകളും വിനോദങ്ങളും ആസ്വദിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.