വിസ്​മയ രാവിൽ ആഘോഷിക്കാം ആനന്ദിക്കാം..​.

ഇന്ന്​ യു.എ.ഇയുടെ ആകാശം നിറയെ കരിമരുന്നി​െൻറ വർണ വിസ്​മയങ്ങൾ നിറയും. ആഘോഷവേദികളിൽ സംഗീതവും നൃത്തവും പൊടിപൊടിക്കും. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാഴ്​ചക്കാരെ അൽഭുതപ്പെടുത്താൻ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ഒരുക്കം പൂർത്തിയായിക്കഴിഞ്ഞു​. ലോകത്തി​ലെ ഏറ്റവും മനോഹരമായ ആഘോഷ പരിപാടികളാണ്​ വിവിധയിടങ്ങളിലായി ഒര​ുക്കപ്പെട്ടിട്ടുള്ളത്​. ലക്ഷക്കണക്കിന്​ വിനോദ സഞ്ചാരികളും താമസക്കാരും ഇമാറാത്തി​ലെ പുതുവൽസരാഘോഷ അനുഭവത്തിനായി കാത്തിരിക്കയാണ്​. എല്ലായിടത്തും വെടിക്കെട്ടും കലാപരിപാടികളുമാണ്​ പ്രധാനമായും ആഹ്ലാദത്തിന്​ മാറ്റുകൂട്ടാനായി ഒരുക്കിയിട്ടുള്ളത്​.

രാജ്യത്ത്​ ഗിന്നസ്​​ റെക്കോഡ്​ ലക്ഷ്യമിട്ട്​ അഞ്ചിടത്ത്​ വെടിക്കെ​ട്ടൊരുക്കുന്നുണ്ട്​. സഞ്ചാരികൾ വന്നുനിറയുന്ന രാജ്യത്തെ മുഴുവൻ സ്​ഥലങ്ങളിലും എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്​. കൂടുതൽ പാർക്കിങ് സൗകര്യവും കാണികൾക്ക്​ സുരക്ഷിതമായി വീക്ഷിക്കാനുള്ള സജ്ജീകരണങ്ങളും അതിലുണ്ട്​. ​പുതുവൽസര ദിനത്തി​െൻറ ആഘോഷ രാവ്​ എല്ലാ വർഷവും ഗംഭീരമാക്കുന്നതാണ്​ യു.എ.ഇയുടെ പതിവ്​. എന്നാൽ കഴിഞ്ഞ വർഷം കേവിഡ്​ ഭീതിക്കിടയിൽ അൽപം നിറംമങ്ങിയ ആഘോഷമാണ്​ നടന്നത്​. എന്നാൽ മഹാമാരി നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കരുതലോടെ ഗംഭീരമായ പരിപാടികളാണ്​ ഇത്തവണ ഒരുക്കിയിട്ടുള്ളത്​. എക്​സ്​പോ 2020യുടെ സാഹചര്യത്തിൽ ലക്ഷക്കണക്കിന്​ വിദേശ വിനോദ സഞ്ചാരികളും ഇത്തവണ ഇമാറാത്തി​െൻറ ആഘോഷത്തിൽ അണിചേരും.  

ദുബൈയിൽ 24 ഇടങ്ങളിൽ വെടിക്കെട്ട്​

ദുബൈയിൽ വിപുലമായ പുതുവൽസരാഘോഷ പരിപാടികളാണ്​ ഇത്തവണ ഒരുക്കപ്പെട്ടിട്ടുള്ളത്​. കരിമരുന്ന്​ ​പ്രയോഗവും വിവിധ കലാപരിപാടികളും എമിറേറ്റിലെ സുപ്രധാന സ്​ഥലങ്ങളിലെല്ലാം ആഘോഷത്തിന്​ മാറ്റുകൂട്ടും. ബുർജ്​ ഖലീഫ, ഗ്ലോബൽ വില്ലേജ്​, എക്​സ്​പോ 2020ദുബൈ, ദുബൈ ഫെസ്​റ്റിവൽ സിറ്റി മാൾ, അറ്റ്​ലാൻറിസ്​ ദ പാം, പാം ബീച്ച്​, ലാ മെർ, ബ്ലൂ വാടേഴ്​സ്​ ഐലൻറ്​, അൽ സീഫ്​, ജുമൈറ ബീച്ച്​-ബുർജ്​ അൽ അറബ്​, ജുമൈറ ഗോൾഫ്​ എസ്​റ്റേറ്റ്​, ഫോർ സീസൺ റിസോട്ട്​, വിസ്​റ്റ മേർ ദ പാം, സോഫിടെൽ ദ പാം ജുമൈറ, റോയൽ മിറാഷ്​, നിക്കി ബീച്ച്​ റിസോർട്​, ഷമ ടൗൺ സ്​ക്വയർ ദുബൈ, ബൽഗാരി റിസോർട്ട്​, പാം ജുമൈറ, ബാബ്​ അൽ ശംസ്​, അറേബ്യൻ റേഞ്ചസ്​ ഗോൾഫ്​ ക്ലബ്​, അഡ്രസ്​ മോൻറ്​ഗോമരി, എമിറേറ്റ്​സ്​ ഗോൾഫ്​ ക്ലബ്​, പലാസോ വെർസാസെ, ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട്​​, പാർക്​ ഹയാത്ത്​, സബീൽ സാരായ്​, ജെ.എ ദ റിസോർട്ട്​ എന്നി സ്​ഥലങ്ങളിലാണ്​ വെടിക്കെട്ടിന്​ അനുമതി നൽകിയിട്ടുള്ളതെന്ന്​ ദുബൈ സെക്യൂരിറ്റി ഇൻഡസ്​ട്രി റെഗുലേറ്ററി ഏജൻസി അറിയിച്ചു.

എക്​സ്​പോയിൽ രണ്ട്​ കരിമരുന്ന്​ പ്രയോഗങ്ങളാണ്​ സംഘടിപ്പിക്കുന്നത്​. ഡ്രോൺ കൗണ്ട്​ഡൗൺ വെടിക്കെട്ടും അൽ വസ്​ൽ പ്ലാസയിലെ ബാൾ ഡ്രോപ്​ വെടിക്കെട്ടും. പുതുവൽസര പരിപാടികൾ ​വിശ്വമേളയിൽ വൈകുന്നേരം മൂന്നു മണിമുതൽ ആരംഭിച്ച്​ പുലർച്ചെ നാലുവരെ നീണ്ടുനിൽക്കും. സന്ദർശകർക്ക്​ പുതുവൽസര രാവിൽ സർപ്രൈസ്​ ഗിഫ്​റ്റുകളും ഒരുക്കിയതായി സംഘാടകർ അറിയിച്ചിട്ടുണ്ട്​. ദുബൈ ​േഗ്ലാബൽ ​വില്ലേജിൽ വിവിധ രാജ്യങ്ങളിലെ പുതുവത്സര സമയത്ത്​ വെടിക്കെട്ടുകൾ നടക്കും. ഇന്ത്യ ഉൾപ്പെടെ എട്ട്​ രാജ്യങ്ങളിൽ പുതുവത്സരം പിറക്കുന്ന സമയത്താണ്​ വെടിക്കെട്ട്​ നടത്തുന്നത്​. ബുർജ്​ ഖലീഫയിലെ കരിമരുന്ന്​ പ്രയോഗം ആസ്വദിക്കാനെത്തുന്നവർ ഇമാർ ആപ്പിൽ രജിസ്​ട്രേഷൻ പൂർത്തിയാക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. ദുബൈ മാളിൽ പൊതു ജനങ്ങൾക്ക്​ പ്രവേശനം അനുവദിക്കുമെങ്കിലും വ്യൂയിങ്​ ഏരിയയിൽ കടക്കാനാവില്ല. 

റെക്കോൾഡുകൾ ഭേദിക്കാൻ അബൂദബി

അബൂദബിയില്‍ പുതുവല്‍സരാഘോഷത്തിന്​ പിറക്കാനിരിക്കുന്നത്​ മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകള്‍. 40 മിനിറ്റ് വെടിക്കെട്ട് നടത്തിയാണ് ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്​റ്റിവല്‍ നഗരി ലോകത്തെ വിസ്​മയിപ്പിക്കാൻ ഒരുങ്ങുന്നത്​. കഴിഞ്ഞ വര്‍ഷം 35 മിനിറ്റ് വെടിക്കെട്ട് നടത്തി ഫെസ്​റ്റിവല്‍ രണ്ട് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. അൽ വത്​ബയിൽ വമ്പൻ ഡ്രോൺ ഷോയും നടത്തുന്നുണ്ട്​.

ലോകത്ത്​ ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ഡ്രോൺ ഷോയാണ്​ അണിയറയിൽ ഒരുങ്ങുന്നത്​. ഇമാറാത്തി ഗായകൻ ഈദ അൽ മിൻഹാലിയും ഇറാഖി താരം അലി സാബിറും നടത്തുന്ന സംഗീത മേളവും അരങ്ങിലെത്തും. വൈകുന്നേരം നാല്​ മുതൽ പുലർച്ച ഒന്ന്​ വരെ അൽ ഫുർസാൻ ഇൻറർനാഷനൽ സ്​പോർട്​സ്​ റിസോർട്ടിൽ കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ നടക്കും. നൃത്തം, ഇമാറാത്തികളുടെ പരമ്പരാഗത പ്രദർശനങ്ങൾ, കര കൗശല പ്രദർശനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്​. കൂടാതെ, ഡ്രോണ്‍ ഷോയിലൂടെ ആകാശത്ത് 'വെല്‍ക്കം 2022' എന്നെഴുതും. ഡ്രോണ്‍ ഷോയില്‍ ഇത്തരമൊരു ഫീച്ചര്‍ ലോകത്താദ്യമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. 

വർണശബളമാക്കാൻ ഷാർജയും ഖോർഫക്കാനും

പുതുവർഷരാവ് വർണശബളമാക്കാൻ ​ഗംഭീര ആഘോഷപരിപാടികളാണ്​ ഷാർജയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്​. വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികൾ ഷാർജ നിക്ഷേപവികസന വകുപ്പി​െൻറ(ഷുറൂഖ്) കീഴിലാണ്​ സംഘടിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം എത്തുന്നവർക്ക്​ അൽ മജാസ് വാട്ടർഫ്രണ്ടിൽ പത്തു മിനുറ്റ് നീണ്ടു നിൽക്കുന്ന വർണാഭമായ വെടിക്കെട്ടുണ്ടാവും. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ ന​ഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവൽസര ആഘോഷവും മുൻവർഷങ്ങളെ കവച്ചുവെക്കും.

ഷാർജ ന​ഗരത്തിലെന്ന പോലെ, ഇത്തവണ കിഴക്കൻ തീരത്തും വെടിക്കെട്ട് ഒരുക്കുന്നുണ്ട്. സമീപകാല വികസന പ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്ക്​ പ്രിയപ്പെട്ടതായി മാറിയ ഖോർഫക്കാൻ ബീച്ചിലും പത്തു മിനുറ്റ് നീണ്ടു നിൽക്കുന്ന വെട്ടിക്കെട്ടുണ്ടാവും. അൽ മജാസിലും ഖോർഫക്കാൻ ബീച്ചിലും വെടിക്കെട്ട് കാഴ്​ചകളാസ്വദിച്ച് അത്താഴം കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഷാർജ ന​ഗരത്തി​െൻറ നിറങ്ങളാസ്വദിച്ച് അത്താഴം കഴിക്കാൻ താൽപര്യമുള്ളവർക്ക് ഷാർജ അൽ നൂർ ദ്വീപി​െൻറ തീരത്ത് പ്രത്യേക ഡിന്നർ പാക്കേജുകളൊരുക്കിയിട്ടുണ്ട്. കുറച്ച് സാഹസികത കൂടി ആ​ഗ്രഹിക്കുന്നവർക്കും, ന​ഗരത്തിലെ ട്രാഫിക് തിരക്കുകളിൽ നിന്ന് മാറി മരുഭൂമിയുടെ ശാന്തതയിൽ പുതുവർഷരാവ് ചെലവഴിക്കണമെന്ന്​ ആ​ഗ്രഹമുള്ളവർക്കുമായി മെലീഹ ആർക്കിയോളജി സെൻറർ ആഘോഷം ഒരുക്കിയിട്ടുണ്ട്​. സൂഫീ നൃത്തവും ഫയർ ഡാൻസും ​ഗിറ്റാർ സം​ഗീതവുമെല്ലാം ചേർന്ന ക്യാമ്പിങ് അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. രാത്രി പ്രത്യേകം തയാറാക്കിയ ടെൻറുകളിൽ മരുഭൂമിയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം. ഡിസംബർ 31ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 8 മണിക്ക് അവസാനിക്കുന്നതാണിത്​. 

അജ്​മാനിൽ ഇക്കുറി പൊലിമയേറും

അജ്​മാനിലെ വിനോദ കേന്ദ്രമായ അല്‍ സോറയില്‍ പുതുവത്സരാഘോത്തിന് ഇക്കുറി പൊലിമയേറും. ആഘോഷങ്ങളുടെ ഭാഗമായി ഗംഭീര വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. അജ്​മാനിലെ ഏറ്റവും വലിയ വെടിക്കെട്ട് ഇവിടെയാണ്​ ഒരുക്കുന്നത്​. കണ്ടല്‍കാടുകളും പക്ഷി സങ്കേതങ്ങളും ജലഗതാഗത വിനോദങ്ങളും ഒത്തുചേരുന്ന സോറയില്‍ വർണാഭമായ വെടികെട്ട് സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തി​െൻറ മറ്റു പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക്​ വിനോദ സഞ്ചാരികൾ ഒഴുകുമെന്നാണ്​ അൽ സോറ റിയൽ എസ്​റ്റേറ്റ്​ ഡെവലപ്‌മെൻറ്​ കമ്പനി ലക്ഷ്യമിടുന്നത്.

അജ്​മാനിലെ അൽ സോറയുടെ ആകാശത്ത് മിനുട്ടുകള്‍ നീണ്ടുനില്‍ക്കുന്ന നടക്കുന്ന കരിമരുന്ന് പ്രയോഗം പൊതുജനങ്ങൾക്ക് മറീന ഒന്നിൽ നിന്ന് ആസ്വദിക്കാൻ കഴിയും. അജ്​മാൻ വിനോദ സഞ്ചാര വകുപ്പ്, അജ്​മാൻ മുനിസിപ്പാലിറ്റി, അജ്​മാൻ സിവിൽ ഡിഫൻസ്, അജ്​മാൻ പോലീസ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി രാത്രി 9 മുതൽ മറീന ഒന്നില്‍ പൊതുജനങ്ങൾക്കായി തുറക്കും. 2020ൽ സംഘടിപ്പിച്ചതിനേക്കാള്‍ വിഭവ സമൃദ്ധമായ പരിപാടികളാണ് ഇക്കുറി ഒരുക്കുന്നത്. 2022​െൻറ തുടക്കം നിവാസികൾക്കും സന്ദർശകർക്കുമൊപ്പം മനോഹരമായ ഒരു സായാഹ്നം നൽകി ആഘോഷിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്ന് അൽ സോറ റിയൽ എസ്​റ്റേറ്റ് ഡെവലപ്‌മെൻറ്​ കമ്പനിയുടെ സി.ഇ.ഒ ഇമാദ് അൽ ദന വ്യക്തമാക്കി. അജ്​മാൻ എമിറേറ്റിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്തമായ സവിശേഷതകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അല്‍സോറ പാരിസ്ഥിതികവും പ്രകൃതിദത്തവുമായ വിനോദസഞ്ചാര പ്രേമികൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ്.  

റാസല്‍ഖൈമ ഗിന്നസ് തേരില്‍

നയനാനന്ദകരമായ എഴുന്നൂറ്റി ഇരുപത് നിമിഷങ്ങള്‍ ലോകത്തിന് സമ്മാനിച്ച് ഇരട്ട ഗിന്നസ് നേട്ടത്തോടെയാകും റാസല്‍ഖൈമ പുതുവര്‍ഷത്തെ വരല്‍വേൽക്കുക. റാക് അല്‍ മര്‍ജാന്‍ ഐലൻറ്​ കേന്ദ്രീകരിച്ചാണ്​ പുതുവര്‍ഷ ആഘോഷ പരിപാടി. വെള്ളിയാഴ്​ച വൈകുന്നേരത്തോടെ വൈവിധ്യമാര്‍ന്ന സംഗീത കലാ വിരുന്നുകളോടെയാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കമാകുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വിനോദ പരിപാടികള്‍, മല്‍സരങ്ങള്‍, പ്രശസ്​ത പ്രതിഭകള്‍ അണിനിരക്കുന്ന സംഗീത വിരുന്ന്, പരമ്പരാഗത കലാ പ്രകടനങ്ങള്‍, രുചി ഭേദങ്ങളോടെ ഫുഡ് ട്രക്കുകള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്​.

മര്‍ജാന്‍ ഐലൻറിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങളുടെ പാര്‍ക്കിങിന് വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്​. പവിഴ ദ്വീപുകള്‍ക്കും അല്‍ ഹംറ വില്ലേജിനും ഇടയില്‍ 4.7 കിലോ മീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ് പ്രദേശത്താണ് കരിമരുന്ന് വിരുന്ന്. 12 മിനിറ്റ് നീളുന്ന പകിട്ടേറിയ പ്രകടനം അതുല്യമാകും. ലോക റെക്കോര്‍ഡ് പ്രകടനം നേരില്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്​. റാക് മീഡിയ ഓഫീസ്, ടി.ഡി.എ, മര്‍ജാന്‍ ഐലൻറ്​, അല്‍ ഹംറ, ചേംബര്‍ ഓഫ് കൊമേഴ്​സ്​, മുനിസിപ്പാലിറ്റി, പബ്ലിക് വർക്​സ്​, പൊതുമേഖല -സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ ഒരുക്കിയത്​.

വാള്‍ഡോര്‍ഫ് അസ്ട്രോറിയ, ബിന്‍ മാജിദ് ബീച്ച് റിസോര്‍ട്ട്, റിക്സോസ് ബാബ് അല്‍ ബഹര്‍, സിറ്റി സ്​റ്റേ ബീച്ച് ഹോട്ടല്‍ അപ്പാര്‍ട്ട്മെൻറ്​ തുടങ്ങിയവ കേന്ദ്രീകരിച്ച് കരിമരുന്ന് പ്രകടനം വീക്ഷിക്കാന്‍ പ്രത്യേകം വ്യൂ പോയൻറുകളുണ്ടാകും. ഇവിടെ പ്രവേശിക്കണമെങ്കില്‍ മുന്‍ കൂട്ടിയുള്ള രജിസ്ട്രേഷനും ഫീസും നല്‍കണം. അല്‍ ഹംറ മാള്‍ റൗണ്ടെബൗട്ടിനും അല്‍ മര്‍ജാന്‍ ഐലൻറ്​ റൗണ്ടെബൗട്ടിനും ഇടയില്‍ ഒരുക്കിയിട്ടുള്ള വിശാലമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്​ത്​ പൊതു ജനങ്ങള്‍ക്ക് സൗജന്യമായി ആഘോഷ പരിപാടികള്‍ വീക്ഷിക്കാം. 

ആഘോഷം കരുതലോടെയാക​ട്ടെ

കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷം ജാഗ്രതയോടെ വേണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്​. മാസ്​ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂടിച്ചേരലുകളിൽ കരുതലുണ്ടാവുക തുടങ്ങിയ പാലിക്കണം. വ്യക്തിശുചിത്വം പാലിച്ചും പ്രതിരോധ നടപടികളുമായി സഹകരിച്ചും രോഗപ്രതിരോധത്തിന്​ സഹായിക്കണമെന്ന്​ സമൂഹത്തിലെ അംഗങ്ങളോട് ആരോഗ്യ വകുപ്പ്​ അഭ്യർത്ഥിച്ചു.

ഓരോ എമിറേറ്റുകളിലും അതത്​ സർക്കാറുകൾ നിർദേശിക്കുന്ന രൂപത്തിലാകണം ആഘോഷം സംഘടിപ്പിക്കേണ്ടത്​. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, മൂക്കും വായും മൂടുന്ന മാസ്‌കുകള്‍ ധരിക്കുക, കുറഞ്ഞത് 2 മീറ്റര്‍ അകലത്തില്‍ ശാരീരിക അകലം പാലിക്കുക, പതിവായി കൈകള്‍ കഴുകി വൃത്തിയാക്കുക എന്നിവയിലൂടെ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്ന്​ അബൂദബി അധികൃതർ ആവശ്യപ്പെട്ടു.

ത​യാറാ​ക്കി​യ​ത്​:

ടി.​എം സാ​ലി​ഹ്​, സ​ലീം നൂ​ർ, എം.​ബി. അ​നീ​സു​ദ്ദീ​ന്‍, ടി.​എ​സ്​ നി​സാ​മു​ദ്ദീ​ൻ

Tags:    
News Summary - newyear celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT