ദുബൈ: ആഘോഷത്തിന്റെ അമിട്ടുപൊട്ടുന്ന രാവാണിന്ന്. 2022ന് വിട നൽകി 2023നെ പുൽകാനൊരുങ്ങുന്ന ഈ രാവിൽ യു.എ.ഇയിൽ അങ്ങിങ്ങോളം ആഘോഷം അരങ്ങുതകർക്കും. ദുബൈ, അബൂദബി, റാസൽഖൈമ, ഷാർജ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം കരിമരുന്ന് പ്രയോഗവും വിവിധ പരിപാടികളും നടക്കുന്നുണ്ട്. യു.എ.ഇയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങൾ...
റാസൽഖൈമയിൽ പവിഴദ്വീപുകള്‍ ഒരുങ്ങി
കരിമരുന്ന് വിരുന്നിലൂടെ ഇരട്ട ഗിന്നസ് നേട്ടത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ റാസൽഖൈമ അല്‍മര്‍ജാന്‍ ഐലൻഡില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അല്‍ മര്‍ജാന്‍ ഐലൻഡിനും അല്‍ഹംറ വില്ലേജിനും ഇടയില്‍ കടല്‍ത്തീരത്ത് 12 മിനിറ്റ് നീളുന്ന വെടിക്കെട്ടാണ് നടക്കുക. പടക്കങ്ങള്‍ വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന വലിയ ഡ്രോണുകള്‍ക്കൊപ്പം ആകാശത്ത് നിന്ന് പെയ്തിറങ്ങുന്ന വര്ണക്കാഴ്ചകളുമാകും വെടിക്കെട്ടിന്റെ ൈക്ലമാക്സ്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ പുതുവര്‍ഷ ദിനം പുലര്‍ച്ച രണ്ടുവരെ നീളുന്നതാണ് മര്‍ജാന്‍ ദ്വീപിലെ പുതുവര്‍ഷ പരിപാടികള്‍. സന്ദര്‍ശകരില്‍ ആവേശം നിറക്കുന്ന മികച്ച കലാപ്രകടനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയിരങ്ങളെ ഉള്‍ക്കൊള്ളാനുള്ള ക്രമീകരണങ്ങളാണ് ജസീറ അല്‍ ഹംറ കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുള്ളത്. ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഈ പ്രദേശം പൊലീസ് സേനയുടെ നിരീക്ഷണത്തിലാണ്. പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയോഗിച്ച് സുരക്ഷിതമായ ആഘോഷ പരിപാടികള്‍ക്കാണ് റാസല്‍ഖൈമയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുള്ളത്.
അബൂദബിയിൽ മുക്കാൽ മണിക്കൂറോളം വെടിക്കെട്ട്
പുതുവർഷത്തെ വരവേൽക്കാൻ 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രകടനത്തിന് അബൂദബി വേദിയാവുന്നു. ശൈഖ് സായിദ് ഫെസ്റ്റിവൽ വേദിയിലാവും മുക്കാൽ മണിക്കൂറോളം നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രകടനമുണ്ടാവുക. അൽ വത്ബയിൽ 3000 ഡ്രോണുകൾ അണിനിരന്ന് നടത്തുന്ന പ്രത്യേക ലൈറ്റ് ഷോയും ആകാശത്തിൽ നടത്തും. ജനുവരി ഒന്നിന് പുലർച്ച രണ്ടുവരെയാണ് പൊതുജനങ്ങൾക്ക് പ്രദേശത്ത് സന്ദർശനം അനുവദിക്കുക. ലോകറെക്കോഡ് തിരുത്തുന്ന കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയുമാണ് പുതുവർഷത്തെ വരവേറ്റ് അബൂദബിയിൽ അരങ്ങേറുക. ഇമാറാത്തി മാതൃകയിൽ സജ്ജമാക്കിയ പവിലിയനുകളിലിരുന്ന് സന്ദർശകർക്ക് ദൃശ്യവിരുന്ന് ആസ്വദിക്കാനാവും. കുടുംബങ്ങൾക്ക് അനേകം വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. അബൂദബി കോർണിഷ്, അൽ മർയ ഐലൻഡ്, യാസ് ബേ, യാസ് ഐലൻഡ്, സഅദിയാത്ത് ബീച്ച് ക്ലബ്, ശൈഖ് സായിദ് ഫെസ്റ്റിവൽ എന്നിവിടങ്ങളിലും പുതുവർഷവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറുന്നുണ്ട്.
യാസ് ദ്വീപിലെ യാസ് ബേ വാട്ടർഫ്രണ്ടിലും മികച്ച അനുഭവമാണ് കാത്തിരിക്കുന്നത്. നിരവധി വിനോദ സംവിധാനങ്ങളുള്ള ഇവിടെ കുടുംബങ്ങൾക്കും കുട്ടികൾക്കും ആഘോഷത്തിന് യോജിച്ച ഇടമാണ്. കലാ-സാംസ്കാരിക പരിപാടികളും ഇവിടെ വൈകീട്ട് നാല് മുതൽ പുലർച്ച ഒന്നുവരെ അരങ്ങേറുമെന്നാണ് കരുതുന്നത്. അൽ ഫുർസാൻ ഇൻറർനാഷനൽ സ്പോർട്സ് റിസോർട്ടിൽ കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ ഇത്തവണയുമുണ്ടായേക്കും.
ദുബൈയിൽ ആഘോഷം പൊടിപൊടിക്കും
ദുബൈയിൽ അങ്ങിങ്ങോളം ആഘോഷമാണ്. 30ഓളം സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം നടക്കുന്നുണ്ട്. ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, അറ്റ്ലാൻറിസ് ദ പാം, പാം ബീച്ച്, ലാ മെർ, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, അൽ സീഫ്, ജുമൈറ ബീച്ച്-ബുർജ് അൽ അറബ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ഫോർ സീസൺ റിസോർട്ട്, വിസ്റ്റ മേർ ദ പാം, സോഫിടെൽ ദ പാം ജുമൈറ, റോയൽ മിറാഷ്, നിക്കി ബീച്ച് റിസോർട്ട്, ഷമ ടൗൺ സ്ക്വയർ ദുബൈ, ബൽഗാരി റിസോർട്ട്, പാം ജുമൈറ, ബാബ് അൽ ശംസ്, അറേബ്യൻ റേഞ്ചസ് ഗോൾഫ് ക്ലബ്, അഡ്രസ് മോൻറ്ഗോമരി, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, പലാസോ വെർസാസെ, ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട്, പാർക് ഹയാത്ത്, സബീൽ സാരായ്, ജെ.എ ദ റിസോർട്ട് എന്നി സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എക്സ്പോ സിറ്റി രൂപാന്തരപ്പെട്ട ശേഷം വരുന്ന ആദ്യ പുതുവത്സരത്തിൽ ആഘോഷമായ വെടിക്കെട്ട് നടക്കും. ഗ്ലോബൽ വില്ലേജിൽ ഓരോ രാജ്യങ്ങളിലെയും പുതുവത്സര സമയത്ത് വെടിക്കെട്ട് നടക്കും.
രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കം. ഫിലിപ്പീൻസിൽ പുതുവർഷം പിറക്കുന്ന ഈ സമയത്ത് പ്രധാനവേദിയിൽ ആഘോഷാരവങ്ങൾ ഉയരും. ഒമ്പത് മണിക്ക് തായ്ലൻഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, 12ന് യു.എ.ഇ എന്നിങ്ങനെ ഓരോ രാജ്യത്തെയും പുതുവത്സരപ്പിറവികൾ ക്രമപ്രകാരം ആഘോഷിക്കും. ഒന്നിന് തുർക്കിയുടെ ആഘോഷത്തോടെയാണ് സമാപിക്കുക. ദുബൈ ഷോപ്പിങ് ഫെസ്റ്റിന്റെ ഭാഗമായും വിവിധ പരിപാടികൾ അരങ്ങേറും.
ഷാർജയും ഖോർഫക്കാനും തകർക്കും
കുടുംബത്തോടൊപ്പം എത്തുന്നവർക്ക് അൽ മജാസ് വാട്ടർഫ്രണ്ടിൽ വർണാഭമായ വെടിക്കെട്ട് ആസ്വദിക്കാൻ സൗകര്യം ഇത്തവണയുമുണ്ടാകും. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ കോർണിഷിലും പുതുവൽസര ആഘോഷം നടക്കും. ഷാർജ നഗരത്തിലെന്നപോലെ, കിഴക്കൻ തീരത്തും വെടിക്കെട്ട് ഒരുക്കും. ഖോർഫക്കാൻ ബീച്ചിലും കഴിഞ്ഞ വർഷത്തേത് പോലെ വെട്ടിക്കെട്ടുണ്ടാവും. അൽ മജാസിലും ഖോർഫക്കാൻ ബീച്ചിലും വെടിക്കെട്ട് കാഴ്ചകളാസ്വദിച്ച് അത്താഴം കഴിക്കാനുള്ള സൗകര്യവുമുണ്ട് ഷാർജ നഗരത്തിന്റെ നിറങ്ങളാസ്വദിച്ച് അത്താഴം കഴിക്കാൻ താൽപര്യമുള്ളവർക്ക് ഷാർജ അൽ നൂർ ദ്വീപിെൻറ തീരത്ത് പ്രത്യേക ഡിന്നർ പാക്കേജുകളും ഒരുക്കാറുണ്ട്. മെലീഹ ആർക്കിയോളജി സെൻറർ ആഘോഷം ഒരുക്കും. സൂഫീ നൃത്തവും ഫയർ ഡാൻസും ഗിറ്റാർ സംഗീതവുമെല്ലാം ചേർന്ന ക്യാമ്പിങ് അനുഭവമാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്.
അജ്മാനിലേക്ക് സഞ്ചാരികൾ ഒഴുകും
അജ്മാനിലെ ഏറ്റവും വലിയ വെടിക്കെട്ട് അൽ സോറയിലാകും ഒരുക്കുക. കണ്ടല്‍കാടുകളും പക്ഷിസങ്കേതങ്ങളും ജലഗതാഗത വിനോദങ്ങളും ഒത്തുചേരുന്ന സോറയില്‍ വർണാഭമായ വെടിക്കെട്ട് സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തിെൻറ മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടേക്ക് വിനോദ സഞ്ചാരികൾ ഒഴുകുമെന്നാണ് കരുതുന്നത്. അജ്മാനിലെ അൽ സോറയായിരുന്നു ഇത്തവണ യു.എ.ഇയിലെ തണുപ്പുകാല കാമ്പയിനിന് തുടക്കംകുറിച്ച സ്ഥലം. അജ്മാൻ എമിറേറ്റിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്തമായ സവിശേഷതകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അല്‍സോറ പാരിസ്ഥിതികവും പ്രകൃതിദത്തവുമായ വിനോദസഞ്ചാര പ്രേമികൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.