നാളെയുടെ വിധിനിർണേതാക്കളാണ് കുട്ടികൾ. അവർക്ക് വേണ്ടി പരിസ്ഥിതിയെ കാത്തുസൂക്ഷിക്കണം എന്ന മുദ്രാവാക്യങ്ങൾ ലോകമെമ്പാടും മുഴങ്ങുന്നുണ്ട്. എന്നാൽ മുതിർന്നവർ മാത്രം ചെയ്യേണ്ട ദൗത്യമല്ല, ഞങ്ങൾ കുട്ടികളും കൂടെയുണ്ട് എന്ന് പ്രഖ്യാപിച്ച് യു.എ.ഇയിൽ ഒരു പെൺകുട്ടി ഈ പോരാട്ടത്തിൽ മുന്നിൽ നിൽക്കുകയാണ്. പരിസ്ഥിതിക്കും നല്ല നാളേക്കും വേണ്ടി പെരുതുന്നവൾ, നിയ ടോണി.
നമ്മൾ ഉപേക്ഷിക്കാൻ തീരുമാനിച്ച പേപ്പറുകളും പ്ലാസ്റ്റിക്കും 'വലിച്ചെറിയരുതേ' എന്ന് പറഞ്ഞ് ശേഖരിക്കുകയാണ് ഈ പത്തുവയസ്സുകാരി. പരിസ്ഥിതി പോരാട്ടത്തിൽ പ്രകാശം പരത്തുന്ന ഈ മിടുക്കി എമിറേറ്റ്സ് പരിസ്ഥിതി ഗ്രൂപ്പിെൻറ എമിറേറ്റ്സ് റീസൈക്ലിങ് അവാർഡ് മൂന്നാം തവണയാണ് നേടിയത്. ഏറ്റവും കൂടുതൽ പാഴ് കടലാസുകൾ ശേഖരിച്ച് പേപ്പർ റീസൈക്ലിങ് വിഭാഗത്തിൽ നിയ ഹാട്രിക് വിജയിയായി.
എറണാകുളം സ്വദേശിയായ ടോണി ജെറോമിെൻറയും ഡെയ്ന ടോണിയുടെയും മകളാണ് ഇൗ ആറാം ക്ലാസുകാരി. മാതാപിതാക്കളോടൊപ്പം ദുബൈ ഊദ് മേത്തയിലെ താമസ സ്ഥലത്തിെൻറ പരിസരങ്ങളിൽ നിന്നാണ് പാഴ്വസ്തുക്കൾ ശേഖരിക്കുന്നത്. വാരാന്ത്യത്തിൽ സമീപത്തെ ഫ്ലാറ്റുകളിലും മറ്റും കയറിയിറങ്ങിയാണ് പഴയ പത്രങ്ങൾ, മാഗസിനുകൾ, നോട്ട്ബുക്കുകൾ തുടങ്ങിയ ആവശ്യം കഴിഞ്ഞ വസ്തുക്കൾ വാങ്ങുന്നത്. ഇത് പിന്നീട് എമിറേറ്റ്സ് പരിസ്ഥിതി ഗ്രൂപ്പിന് കൈമാറും. 2019,2020, 2021 വർഷങ്ങളിൽ തുടർച്ചയായി ഇൗ സേവനത്തിന് ഈ മിടുക്കി അവാർഡ് നേടിയെടുത്തു.
2021ലെ പ്ലാസ്റ്റിക് പുനരുൽപാദന വിഭാഗത്തിലെ വ്യക്തിഗത അവാർഡും നേടി. 15,000കിലോ കടലാസ് പാഴ്വസ്തുക്കളാണ് ആദ്യ വർഷം ശേഖരിച്ചത്. രണ്ടാമത്തെ വർഷം 11,106കിലോയും ഈ വർഷം 13,207കിലോയും ശേഖരിച്ചു. കഴിഞ്ഞ വർഷം 1001കിലോ പ്ലാസ്റ്റിക്കാണ് ഭൂമിക്ക് ഭാരമാകുന്നതിൽ നിന്ന് നിയ മോചിപ്പിച്ചത്. മുതിർന്നവർ മറക്കുന്ന വലിയ ദൗത്യമാണ് ഈ കുട്ടി നിർവഹിക്കുന്നതെന്നത് ആരെയും അൽഭുതപ്പെടുത്തും.
മാതാപിതാക്കൾ പൂർണ പിന്തുണ നൽകുന്നതാണ് കരുത്ത്. അവരാണ് റോൾ മോഡൽസ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ പരിസ്തിഥിയെ സ്നേഹിക്കാൻ കുട്ടികൾ പഠിക്കട്ടെ എന്നാണ് ആഗ്രഹമെന്നും അതിനാൽ തങ്ങൾ എപ്പോഴും പ്രോൽസാഹിപ്പിച്ചിട്ടേയുള്ളൂവെന്നും ടോണിയും ഡെയ്നയും പറഞ്ഞു. ചെറിയ കാര്യമാണെങ്കിലും മറ്റുള്ളവർക്ക് ഇത് പ്രചോദനമായാൽ വലിയ മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറയുന്നു.
കുട്ടികൾ പരിസ്ഥിതി അവബോധമുള്ളവരും അതിെൻറ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്നവരുമാകണമെന്നാണ് നിയയുടെ ഉറച്ച അഭിപ്രായം. അതിന് കാരണവും അവൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. വലുതാകുേമ്പാൾ ഹരിതസുന്ദരമായ ഭൂമിയിൽ ജീവിക്കാൻ വേണ്ടി എന്നതാണ് കാരണം. അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് റീസൈക്ലിങ്ങിന് വേണ്ടി കടലാസുകളും മറ്റും ശേഖരിക്കുന്ന പതിവ്. ചെറുപ്പത്തിൽ ചെടികൾ നട്ടുപിടിപ്പിക്കാറുണ്ടായിരുന്നു. കടലാസ് റീസൈക്ലിങിലൂടെ മരങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് മാതാപിതാക്കളാണ് ഈ മിടുക്കിയെ പഠിപ്പിച്ചത്. സംഗീതത്തോടും വായനയോടും ഇഷ്ടമുള്ള നിയ, ഭാവിയിൽ പരിസ്ഥിതിക്ക് വേണ്ടി തനിക്ക് സാധിക്കുന്നതെന്തും ചെയ്യുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.