ദുബൈ: ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷ മേളത്തിന് വീണ്ടും കാഹളം മുഴങ്ങുന്നു. ഇന്ത്യ-യു.എ.ഇ വ്യാപാര പങ്കാളിത്തത്തിന്റെയും തട്ടുതകർപ്പൻ ആഘോഷങ്ങളുടെയും വിനോദങ്ങളുടെയും പുതുസംരംഭങ്ങളുടെയും നവീന ആശയങ്ങളുടെയും പിറവിക്ക് സാക്ഷ്യം വഹിച്ച നാല് എഡിഷനുകളുടെ വിജയത്തിനു പിന്നാലെ ‘ഗൾഫ് മാധ്യമം’കമോൺ കേരളയുടെ അഞ്ചാം പതിപ്പ് മേയ് 19, 20, 21 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്താൽ സമ്പന്നമായ നാല് എഡിഷനുകളുടെ കരുത്തിൽ, പകലന്തിയോളം നീണ്ടുനിൽക്കുന്ന ഉത്സവമേളങ്ങളുമായാണ് ഈ സീസണും വിരുന്നെത്തുന്നത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ നടക്കുന്ന മേളയിൽ കുട്ടികളും കുടുംബങ്ങളും സംരംഭക സമൂഹവുമൊന്നടങ്കം ഒരു കുടക്കീഴിൽ അണിചേരും.
യു.എ.ഇയിലെ പ്രവാസി സമൂഹം ഓരോ വർഷവും കാത്തിരിക്കുന്ന മേളയായി പരിണമിച്ച ‘കമോൺ കേരള’ഇക്കുറി വിരുന്നെത്തുന്നത് കൂടുതൽ വ്യത്യസ്ത പരിപാടികളുമായാണ്. രാവിനെ സംഗീതസാന്ദ്രമാക്കുന്ന മ്യൂസിക് നൈറ്റിന് പുറമെ പകലുകളിൽ ഉത്സവമേളം തീർക്കുന്ന വിനോദ പരിപാടികളാൽ സമ്പന്നമാണ് മേളയുടെ ഓരോ ദിനവും. മേളനഗരിയിൽ പകൽപൂരമൊരുക്കി കുടുംബ സദസ്സുകൾക്ക് ആർത്തുല്ലസിക്കാൻ വേദി തുറക്കുന്ന ഒരുപിടി പരിപാടികൾ ഇക്കുറി അണിയറയിൽ ഒരുങ്ങുന്നു.
കുടുംബങ്ങളിലെ കളിയും കാര്യവും സംഗമിക്കുന്ന ‘പോൾ ആൻഡ് പേൾ ഷോ’യിൽ നടിയും അവതാരകയുമായ പേളി മാണിയും പിതാവ് മാണി പോളും അരങ്ങിലെത്തും. മലയാളി കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട അവതാരകരായ കല്ലുവും മാത്തുവും ഫൺ ഗെയിംസ്, ഫാമിലി ക്വിസ്, സിങ് ആൻഡ് വിൻ തുടങ്ങിയ പരിപാടികളുമായാണ് ഇക്കുറി എത്തുന്നത്.
സ്ത്രീകളുടെ ആരോഗ്യ- സൗന്ദര്യ സങ്കൽപങ്ങളിലെ നേരറിവുകളുമായി ‘ആർട്ട് ഓഫ് ഗ്രൂമിങ്’, മാജിക്കിന്റെ വിസ്മയലോകത്തേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്തുന്ന മാജിക് വർക് ഷോപ്, വീടകങ്ങളും ഓഫിസുകളും സുന്ദരമാക്കുന്ന ഇന്റീരിയർ ടിപ്സുമായി ഇന്റീരിയർ ഡിസൈൻ വർക്ഷോപ്, പുതു രുചികൾ പിറവിയെടുക്കുന്ന ഷെഫ് പിള്ളയുടെ ഷെഫ് മാസ്റ്റർ, മധുരമൂറും വിഭവങ്ങളൊരുക്കി സമ്മാനം നേടാൻ ഡെസർട്ട് മാസ്റ്റർ, കുട്ടിക്കലാകാരന്മാരുടെ വലിയ വരകളുമായി ലിറ്റിൽ ആർട്ടിസ്റ്റ് എന്നിവയാണ് പകലുകളെ സമ്പന്നമാക്കുന്ന പരിപാടികൾ.
മത്സരങ്ങളും വിനോദങ്ങളും സമ്മാനങ്ങളും നിറഞ്ഞതായിരിക്കും ഈ പരിപാടികൾ. ഇവക്ക് പുറമെ രാവുകളിൽ സംഗീതമഴ പെയ്യിക്കുന്ന താരനിശകളിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും ഗായകരും അണിനിരക്കും.
ഇന്ത്യൻ-അറബ് വനിത സംരംഭകർക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാരവും ഈ വർഷം നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാത്രമല്ല, ടിക്കറ്റെടുക്കുന്നവർക്കും വമ്പൻ സമ്മാനങ്ങളൊരുക്കിയാണ് അഞ്ചാം എഡിഷൻ അരങ്ങിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.