ഗൾഫിലെ പ്രവാസികൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന മാനവികതയുടെ ആഘോഷമായി മാറുകയാണ് ഓരോ ‘ഹാർമോണിയസ് കേരളയും’. സഹിഷ്ണുതയുടെ വേരുകൾക്ക് മുറിവേൽക്കുന്ന കാലത്ത് മാനവികതയുടെ സന്ദേശങ്ങൾ പകർന്നു നൽകുന്നതു കൊണ്ടാണ് ഓരോ ഹാർമോണിയസ് കേരളയും കൂടുതൽ കൂടുതൽ വെളിച്ചമായി പ്രവാസ മണ്ണിൽ ജൈത്ര യാത്ര തുടരുന്നത്.
സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ പ്രവാസികൾ ഏറ്റെടുത്ത് വൻ വിജയമാക്കിയ ഹാർമോണിയസ് കേരള യു.എ.ഇയിൽ സഹിഷ്ണുതയുടെ തലസ്ഥാനമായി അറിയപ്പെടുന്ന അബൂദബിയിൽ ഫെബ്രുവരി 11ന് ആഘോഷത്തിന്‍റെയും സ്നേഹത്തിന്റെയും പുതുഗാഥകൾ രചിക്കാൻ വീണ്ടുമെത്തുകയാണ്. കഴിഞ്ഞ വർഷം ഷാർജ എക്സ്പോ സെന്‍ററിൽ നടന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാണിജ്യ, സാംസ്കാരിക, വിനോദ മേളയായ കമോൺ കേരളയുടെ ഭാഗമായിട്ടായിരുന്നു ഹാർമോണിയസ് കേരളയും സംഘടിപ്പിക്കപ്പെട്ടിരുന്നത്.
അന്ന് ഒരുമിച്ച് കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ലോകത്തോട് മാനവിക സന്ദേശങ്ങളുടെ പ്രാധാന്യം ഉറക്കെ ഉറക്കെ പറഞ്ഞായിരുന്നു പിരിഞ്ഞത്. ഒരു വർഷം പിന്നിടുമ്പോൾ സഹിഷ്ണുതയുടെ സന്ദേശങ്ങൾക്ക് മൂല്യം കുറയുകയല്ല, കൂടുകയാണ്. അതുകൊണ്ടു തന്നെയാണ് ഓരോ വർഷവും ഹാർമോണിയസ് കേരളയും സ്നേഹത്തിന്റെ പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നത്.
200ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ജാതി, മത, വർണ ഭേദമന്യേ സഹകരിച്ച് സമാധാനത്തോടെ വർത്തിക്കുന്ന ഇമാറാത്തിന്‍റെ മരുഭൂവിലേക്കാണ് ഹാർമോണിയസ് കേരള ഒരിക്കൽ കൂടി വിരുന്നെത്തുന്നത്.
പ്രവാസി സമൂഹം അത് ഏറ്റെടുക്കുമെന്നുറപ്പാണ്.ഇമാറാത്തികളെ സംബന്ധിച്ച് സഹിഷ്ണുതയും സഹവര്‍ത്തിത്വവും പൈതൃകമായി ലഭിച്ച മൂല്യങ്ങളാണെന്നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വ്യക്തമാക്കിയിട്ടുള്ളത്. അന്തരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്, ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ആൽ മക്തൂം എന്നിവർ പകർന്ന ഉദാത്ത മാതൃകകളാണ് രാഷ്ട്രം ഇന്നും ഉയർത്തിപ്പിടിക്കുന്നത്.
എല്ലാവിഭാഗം ജനങ്ങളും സഹവര്‍ത്തിത്വത്തോടെ തൊഴിലെടുത്തു ജീവിക്കുന്ന രാജ്യമാണിത്. വര്‍ഗീയതയും അസഹിഷ്ണുതയും വിവേചനവും ഇല്ലാത്ത ഒരു ലോകം വരുംതലമുറകള്‍ക്കായി പടുത്തുയര്‍ത്താനായാണ് ഈ രാജ്യം എന്നും നിലകൊള്ളുന്നത്. ഈ മണ്ണിൽ നിന്ന് ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ് ഓരോ പ്രവാസിയും തന്‍റെ കുടുംബത്തേയും ഒപ്പം രാജ്യത്തേയും സംരക്ഷിച്ചു പോരുന്നത്.
അതിന് എല്ലാ വിധ പിന്തുണയും നൽകുന്ന ഇമാറാത്തി ഭരണകൂടത്തെ എത്ര സ്തുതിച്ചാലും അധികമാവില്ല. അബൂദബിയുടെ അത്തറിന്‍റെ മണമില്ലാതെ മലയാളിയുടെ അറബിക്കഥകൾക്ക് പൂർണതയുണ്ടാവില്ല. നാനാ ജാതി മനുഷ്യർക്ക് ഒരു പടവൃക്ഷം പോലെ തണലേകുകയാണ് അബൂദബി.
രാജ്യാതിർത്തികൾക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണാനുള്ള ഭരണാധികാരികളുടെ ദീർഘവീക്ഷണം എടുത്തുപറയേണ്ടതാണ്. അതിന് പിന്തുണയേകുന്നതാണ് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ആഘോഷ രാവുകൾ. അതിരു വിടാത്ത ആഘോഷങ്ങളിലൂടെ എല്ലാ മനുഷ്യരെയും ഒരുമിച്ച്നിർത്തി സഹവർത്തിത്വത്തിന്‍റെ പുതിയ കഥകൾ പുതുതലമുറക്ക് കാണിച്ചു കൊടുത്തുവെന്നതാണ് ഹാർമോണിയസ് കേരളയുടെ വിജയം.
മനുഷ്യനെ മാത്രമല്ല, പ്രകൃതിയേയും സുസ്ഥിരമായി നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യവും ഓരോ ആഘോഷ ചടങ്ങുകളിലും നമ്മൾ ഉദ്ഘോഷിക്കുന്നുണ്ട്. മലയാളിയുടെ ഒരുമയുടെ പെരുമ കൊണ്ടാടാനുള്ള ഈ മഹോത്സവം അകതാരിൽ എന്നും കോറിവെക്കാനാവുന്ന സർഗാനുഭവമാക്കിമാറ്റാനുള്ള തിരക്കിലാണ് സംഘാടകർ.
പ്രേക്ഷക ഹൃദയങ്ങളിൽ കലയുടെയും സംഗീതത്തിന്‍റെയും രാഗലയങ്ങളുടെയും പെരുമഴ പെയ്യിക്കാൻ താരങ്ങൾ അബൂദബിയുടെ മണ്ണിലെത്തിക്കഴിഞ്ഞു. കലാസ്വാദകർക്ക് മറക്കാൻ പറ്റാത്ത കാഴ്ചയുടെ വിരുന്നൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ഇനിയുള്ള മണിക്കൂറുകൾ ആഘോഷത്തിന്‍റെതാണ്. മരുമൂമിയിൽ വിരുന്നെത്തിയ തണുപ്പിന്‍റെ അകമ്പടിയിൽ കുടുംബത്തോടൊപ്പം ഒത്ത് ചേർന്ന് ഊഷ്മളായ സ്നേഹചരിതം തീർക്കാൻ എല്ലാവരേയും അബൂദബിയിലെ അൽ ഹുദൈരിയാത്ത് ദ്വീപിലേക്ക് ക്ഷണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.