ദുബൈ: ഒമ്പത് ലക്ഷമല്ല, ഒമ്പത് കോടി ദിർഹമാണെങ്കിലും ആ യാത്ര പൊലീസ് സ്റ്റേഷനിലേക്കാകുമെന്ന കാര്യത്തിൽ ടാക്സി ഡ്രൈവർ ഒർഫാന് ഇപ്പോഴും സംശയമില്ല. കാരണം പണംകൊണ്ടു വിലമതിക്കാനാവാത്തത്ര സത്യസന്ധതയും സഹജീവി സ്നേഹവുമാണ് ദുബൈ നഗരത്തിൽ ടാക്സിയുടെ വളയം പിടിക്കുന്ന മുഹമ്മദ് ഒർഫാൻ മുഹമ്മദ് റഫീഖ് എന്ന ഇൗ ഡ്രൈവറുടെ കൈമുതൽ. കഴിഞ്ഞ ദിവസമാണ് ദുബൈ പൊലീസിനെ വിസ്മയിപ്പിച്ച സംഭവങ്ങൾക്ക് ബർദുബൈ പൊലീസ് സ്റ്റേഷൻ സാക്ഷിയായത്. വർഷങ്ങളായി ദുബൈയിലെ കരീം ടാക്സിയിൽ ഡ്രൈവറായി ജോലി നോക്കുന്ന മുഹമ്മദ് ഒർഫാൻ യാത്രക്കാരനെ ഇറക്കിയ ശേഷം കാർ പരിശോധിച്ചപ്പോൾ പിൻസീറ്റിൽ ബാഗ് കണ്ടെത്തി. ബാഗ് തുറന്നപ്പോൾ കാണാനായത് ഒമ്പത് ലക്ഷം ദിർഹം. അപ്പോഴേക്കും ബാഗിെൻറ ഉടമസ്ഥൻ ഏതോ വഴിയിലേക്ക് നീങ്ങിയിരുന്നു.
പിന്നെ ഒന്നും ചിന്തിക്കാനുണ്ടായില്ല, ഒർഫാൻ നേരെ വളയം തിരിച്ചത് ബർദുബൈ പൊലീസ് സ്റ്റേഷനിലേക്ക്. കാര്യം പൊലീസുകാരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ബാഗ് പരിശോധിക്കുന്നതിന് പകരം മുഹമ്മദ് ഒർഫാെൻറ മുഖത്തേക്ക് നോക്കുകയായിരുന്നു പൊലീസുകാർ. കാര്യം ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം സൊറൂറിനെ അറിയിച്ചു.
പിന്നാലെ അഭിനന്ദന സർട്ടിഫിക്കറ്റ് തയാറാക്കി ഒർഫാനെ ബർദുബൈ പൊലീസ് ആദരിക്കുകയും ചെയ്തു. ഹൃദയം തുറന്ന് നന്ദി പറഞ്ഞ ഒർഫാൻ, ദുബൈ പൊലീസ് നൽകിയ ഇൗ ബഹുമതി അഭിമാനവും സന്തോഷവും നിറക്കുന്നതാണെന്ന് പ്രതികരിച്ചു. ഒപ്പം പ്രതിഫലവും പൊലീസ് കൈമാറി.
പൊലീസും പൊതുസമൂഹവും തമ്മിലുള്ള സഹകരണത്തിെൻറ ഫലമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്നും സമൂഹവുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും വ്യക്തികൾക്കിടയിൽ ഉത്തരവാദിത്തബോധം വർധിപ്പിക്കുന്നതിലും പൊലീസ് തുടരുന്ന പ്രവർത്തനങ്ങൾ പ്രയോജനം ചെയ്യുന്നതായും അബ്ദുല്ല ഖാദിം സൊറൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.