ദുബൈ: യു.എ.ഇയിലെ പ്രധാന ആരോഗ്യ സേവനദാതാക്കളായ എൻ.എം.സി കമ്പനി സ്ഥാപകനും ഇന്ത്യക്കാരനുമായ ബി.ആർ. ഷെട്ടിക്കെതിരെ 400 കോടി ഡോളറിന്‍റെ വഞ്ചനക്കുറ്റം ആരോപിച്ച് കേസ് ഫയൽ ചെയ്തു. കമ്പനി അഡ്മിനിസ്ട്രേട്ടറെ ഉദ്ദരിച്ച് യു.എ.ഇ മാധ്യമമാണിത് റിപ്പോർട്ട് ചെയ്തത്. അബൂദബിയിലും ബ്രിട്ടനിലും ഫയൽ ചെയ്ത കേസിൽ ഷെട്ടിക്ക് പുറമെ, കമ്പനി മുൻ ചീഫ് എക്സിക്യൂട്ടിവ് പ്രശാന്ത് മങ്ങാട്ട്, ബാങ്ക് ഓഫ് ബറോഡ എന്നിവർക്കുമെതിരെയാണ് വഞ്ചനക്കുറ്റം ആരോപിക്കുന്നത്.
എൻ.എം.സിയുടെ നിലവിലെ അഡ്മിനിസ്ട്രേഷനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കമ്പനിയുടെ 400 കോടി ഡോളറിലധികം വെളിപ്പെടുത്താത്ത കടം കണ്ടെത്തിയതിനെ തുടർന്ന് ഏറ്റെടുത്തശേഷമുണ്ടായ സുപ്രധാന നാഴികക്കല്ലാണ് കേസ് ഫയൽ ചെയ്തതെന്ന് എൻ.എം.സി ജോയന്‍റ് അഡ്മിനിട്രേറ്ററും മാനേജിങ് ഡയറക്ടറുമായ റിച്ചാഡ് ഫ്ലെമിങ് പറഞ്ഞു. കോടതിനടപടികൾ നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഷെട്ടിയുടെയും പ്രശാന്ത് മങ്ങാട്ടിന്‍റെയും ബാങ്ക് ഓഫ് ബറോഡയുടെയും പ്രതികരണം പുറത്തുവന്നിട്ടില്ല.
1975ൽ ഷെട്ടി സ്ഥാപിച്ച എൻ.എം.സി ഹെൽത്ത്കെയർ ഒരു ക്ലിനിക്ക് എന്നതിൽനിന്ന് വളർന്ന് യു.എ.ഇയിലെ ഏറ്റവും പ്രമുഖ ആരോഗ്യസേവന ദാതാക്കളായി വളർന്നിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ 2018ലെ മൂല്യം 1050 കോടി ഡോളറിലെത്തിയിരുന്നു.
എന്നാൽ, 2019ൽ കമ്പനി ആസ്തി പെരുപ്പിച്ചുകാട്ടിയതായും കടം കുറച്ചുകാണിച്ചതായും റിപ്പോർട്ട് പുറത്തുവരുകയായിരുന്നു. പിന്നീട് സ്വതന്ത്ര അന്വേഷണത്തിൽ 440 കോടി ഡോളറിന്‍റെ കടമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഷെട്ടിയുടെ ആസ്തികൾ മരവിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കമ്പനി അഡ്മിനിസ്ട്രേഷൻ ഭരണത്തിന് കീഴിലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.