അബൂദബി: സെപ്റ്റംബര്‍ ഒന്നിനുശേഷം റെസിഡന്‍സി, വിസാ നിയമലംഘനം നടത്തിയിട്ടുള്ളവര്‍ക്ക് പിഴയില്‍ നിന്ന് ഒഴിവാകുന്ന ആനുകൂല്യം ലഭിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്, കസ്റ്റംസം ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐ.സി.പി) അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് കാലയളവ്.
സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസ, വിസാ നിയമലംഘനം നടത്തുന്നവര്‍ക്കു പുറമെ, മൂന്നു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിര്‍ദിഷ്ട തീയതിക്കു ശേഷം ഒളിച്ചോടല്‍ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കല്‍ പോലുള്ള അഡ്മിനിസ്ട്രേറ്റിവ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തികള്‍, യു.എ.ഇ അല്ലെങ്കില്‍ മറ്റ് ജി.സി.സി രാജ്യങ്ങള്‍ പുറപ്പെടുവിച്ച, നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികള്‍, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ എന്നിവരെയാണ് പൊതുമാപ്പില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഈ നിയമ ലംഘകര്‍ തുടര്‍ നടപടികള്‍ക്കായി വയലേറ്റേഴ്സ് ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വകുപ്പിനെ സമീപിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ആദ്യം രണ്ടുമാസത്തേക്കായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇത് പിന്നീട്, രണ്ടുമാസത്തേക്ക് കൂടി നീട്ടിനല്‍കുകയായിരുന്നു. രാജ്യത്ത് തുടരുന്നതിനായി രേഖകള്‍ ശരിയാക്കുന്നതിനുള്ള പൊതുമാപ്പിന്റെ അന്തിമ അവസരം നിയമലംഘകര്‍ പ്രയോജനപ്പെടുത്തണമെന്ന് ഐ.സി.പി ഓര്‍മിപ്പിച്ചു.
പൊതുമാപ്പ് കാലാവധിയില്‍ രേഖകള്‍ ശരിയാക്കാത്തവരില് നിന്ന് പിന്നീട് പിഴ ഈടാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ എപ്പോള്‍ വേണമെങ്കിലും പുതിയ വിസയില്‍ തിരികെ വരാമെന്ന സൗകര്യവും ഐ.സി.പി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
പൊതുമാപ്പ് കാലാവധിക്കു ശേഷവും തുടരുന്ന നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പരിശോധനകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന നിയമലംഘകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.