ദുബൈ: കഴിഞ്ഞ ആഗസ്റ്റിലുണ്ടായ തിരുവനന്തപുരം-ദുബൈ എമിറേറ്റ്സ് വിമാന അപകടം യന്ത്രത്തകരാർ മൂലമല്ലെന്ന് റിപ്പോർട്ട്. അപകട സമയത്ത് ഏതെങ്കിലും രീതിയിലെ യന്ത്രപ്പിഴവുകളോ യന്ത്രത്തകരാറോ ഇ.കെ. 521 ബോയിങ് വിമാനത്തിനില്ലായിരുന്നുവെന്ന് യു.എ.ഇ വ്യോമയാന അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കി.
282 യാത്രക്കാരും 18 ജീവനക്കാരും സഞ്ചരിച്ച വിമാനം തകർന്നു കത്തിയ സംഭവത്തിെൻറ കാരണം സംബന്ധിച്ച വിശദ അന്വേഷണം പുരോഗമിക്കുകയാണ്. വിമാന യന്ത്ര നിർമാതാക്കളുെട സഹകരണത്തോടെയാണ് പരിശോധനകളും വിശകലനങ്ങളും നടത്തിയത്.
വിമാനം ഇറക്കാൻ ശ്രമിക്കുന്ന നേരത്ത് പൈലറ്റിെൻറ പ്രവർത്തനങ്ങളെ സ്വാധീനിച്ച പ്രശ്നങ്ങളെന്തെന്ന വിശദവിശകലനവും അന്വേഷണ സംഘം നടത്തി വരുന്നു. വിമാനത്തിലേക്ക് കൈമാറിയ കാലാവസ്ഥാ വിവരങ്ങളും സുരക്ഷാ നിർദേശങ്ങളും പരിശോധിച്ചിട്ടുണ്ട്. നേരത്തേ പുറത്തു വിട്ട കണക്കുകളിൽ നിന്ന് വ്യത്യസ്തമായി അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 30 ആണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 24 പേർക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ.
അപകടം സംബന്ധിച്ച അഭ്യന്തര അന്വേഷണം തുടരുകയാണെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു. പരിശീലനവും പ്രവർത്തനങ്ങളും ഉൾപ്പെടെ മുഴുവൻ വിഷയങ്ങളിലും വിശകലനവും നടത്തുന്നുണ്ട്.
2016 ആഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്ത് നിന്ന് ദുബൈ ടെര്‍മിനല്‍ മൂന്നിലെത്തിയ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിൽ ഇറക്കാനാവാതെ വീണ്ടും ഉയർത്താൻ ശ്രമിക്കുന്നതിനിടെ റൺവേയിലുരഞ്ഞ് മുന്നോട്ടു നീങ്ങി കത്തിയാളുകയായിരുന്നു. ജീവനക്കാരുള്‍പ്പെടെ 300ഓളം പേരെ അദ്ഭുതകരമായി രക്ഷപ്പെടുത്താന്‍ ദുബൈയുടെ സുസജ്ജമായ അത്യാഹിത സേനാ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും രക്ഷാപ്രവർത്തനം നടത്തിയ ജാസിം ഇൗസ ബലൂഷി എന്ന അഗ്നിശമന സേനാംഗത്തിന് ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.