അബൂദബി: ഗതാഗത നിയമലംഘനത്തിന് പിഴ അടക്കാൻ പണമില്ലെങ്കില്‍ പലിശ രഹിത വായ്പ ലഭിക്കാൻ സംവിധാനം ഏർപെടുത്തിയിട്ടുണ്ടെന്ന് അധികൃതർ. ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, മഷ്‌രിഖ്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നാണ് പലിശരഹിത വായ്പ ഒരുവര്‍ഷത്തെ കാലാവധിയില്‍ നല്‍കുന്നത്.
ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ ഡ്രൈവർമാർക്ക് മേല്‍പറഞ്ഞ ഏതെങ്കിലുമൊരു ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. പിഴ ചുമത്തപ്പെട്ട് രണ്ടാഴ്ചയ്ക്കുളില്‍ ഡ്രൈവർമാർ ബാങ്കിനെ നേരിട്ട് വിവരം അറിയിക്കുകയും പിഴത്തുക തവണകളായി അടയ്ക്കാന്‍ അപേക്ഷിക്കുകയും ചെയ്യണം.
ഒരുവര്‍ഷ തവണ വ്യവസ്ഥയിലാണ് ഇങ്ങനെ പലിശരഹിതമായി ട്രാഫിക് പിഴ അടക്കേണ്ടത്. ഇത് പരമാവധിയാളുകള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം ഗതാഗതനിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവര്‍ രണ്ടുമാസത്തിനുള്ളില്‍ തുക ഒടുക്കുകയാണെങ്കില്‍ പിഴത്തുകയില്‍ 35 ശതമാനം ഇളവ് നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഒരുവര്‍ഷത്തിനകം കെട്ടുകയാണെങ്കില്‍ 25 ശതമാനം ഇളവ് അനുവദിക്കും.
അതേസമയം, പിഴ ഒടുക്കാത്ത വാഹനങ്ങൾക്കുമേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഗതാഗത നിയമലംഘനത്തിനുള്ള പിഴ 7000 ദിർഹമിനു മുകളിലായവര്‍ തുക ഉടന്‍ അടക്കണമെന്നും അല്ലാത്തപക്ഷം വാഹനം ലേലത്തില്‍ വില്‍ക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മൂന്നുമാസം വരെ സൂക്ഷിച്ചശേഷവും പിഴയൊടുക്കിയില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കുമെന്നും അബൂദബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.