ഷാര്‍ജ: പ്രതികൂല ചിന്തകൾ മാറ്റിവെച്ച് നിത്യജീവിതത്തില്‍ പോസിറ്റിവായി ചിന്തിക്കണമെന്ന് ഉഷ ഉതുപ്പ്. ഷാര്‍ജ പുസ്തകമേളയില്‍ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അവർ. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. ജീവിതം എല്ലായ്പ്പോഴും സുഖകരമായിരിക്കണമെന്നില്ല. എന്നാല്‍, ഓരോ പുഞ്ചിരിയും നമ്മുടെ ഉള്ളില്‍ നന്മയുടെ പ്രകാശമായി മാറണം.
സ്റ്റേജില്‍ നില്ക്കുമ്പോള് പ്രേക്ഷകര്‍ നല്കുന്ന ഓരോ ചിരിയും ഊർജമാക്കി മാറ്റുന്നു. ഓരോ നിമിഷങ്ങളെയും ആസ്വാദ്യമാക്കണം. അതാണ് തന്റെ ജീവിതവിജയം. തൊഴില്‍പരവും വ്യക്തിപരവുമായ ജീവിതത്തെ വേര്‍തിരിച്ചു കാണാന്‍ കഴിയണം. രണ്ടിനും അതിന്റേതായ തലങ്ങളും വ്യത്യസ്തമായ ആത്മാവുമുണ്ട്.
കുടുംബ ജീവിതത്തില്‍ സംഗീതം കലര്‍ത്താറില്ല. ആര്‍ത്തിരമ്പുന്ന കാണികള്‍ക്കിടയില്‍നിന്നും കുടുംബത്തിലെത്തുമ്പോള്‍ വീട്ടമ്മയായി മാറുന്നു. പുതിയ തലമുറയിലെ സ്ത്രീസമൂഹത്തോട് പറയാനുള്ളത്, ജോലിയും കുടുംബവും കൂട്ടിക്കലര്‍ത്താതെ ആനന്ദകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ പരിശീലിക്കണമെന്നാണ്. ചെയ്യുന്ന ജോലി എന്തുതന്നെയായാലും പരമാവധി സത്യസന്ധത പാലിക്കണം. വീട്ടിലായാലും ജോലിസ്ഥലത്തായാലും അത് നിലനിര്‍ത്താന്‍ ശ്രമിക്കണം. വിവിധ ചിന്തകളെ കൂട്ടിയിണക്കുന്ന ഷാര്‍ജ പുസ്തമേള വിസ്മയം പകരുന്നതാണ്. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് തന്റെ ജീവിതം. എല്ലാ മതങ്ങളുടെ ആഘോഷങ്ങളിലും പങ്കാളിയാവാറുണ്ട്. മതങ്ങളുടെ പേരില്‍ ലോകത്ത് നടക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നുവെന്നും ഉഷ ഉതുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.