ദുബൈ: കോവിഡ് വ്യാപനം തുടരുന്നതിനിടെ രണ്ടാമത്തെ റമദാൻ ആഗതമായതോടെ കടുത്ത നിയന്ത്രണങ്ങളും കർശന നിർദേശങ്ങളും പുറപ്പെടുവിച്ചിരിക്കുകയാണ് ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്. പൊതുജനങ്ങൾക്ക് സുരക്ഷിതമായി വ്രതം ആചരിക്കാനും വൈറസ് വ്യാപനത്തെ പൂർണമായും ഇല്ലാതാക്കുന്നതിനുമായാണ് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രതിരോധ നടപടികളോട് സമൂഹത്തിെൻറ പ്രതിബദ്ധത നിർണായകമാണെന്നും ചൂണ്ടിക്കാട്ടിയ സുപ്രീം കമ്മിറ്റി, 'എല്ലാവരും ഉത്തരവാദികളാണ്' യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ൈശഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൗന്നിപ്പറഞ്ഞത് വളരെ പ്രസക്തമാണെന്നും ജനങ്ങളെ ഓർമിപ്പിച്ചു. റമദാനിലുടനീളം എമിറേറ്റിൽ ശക്തമായ പരിശോധന കാമ്പയിനുകൾ സംഘടിപ്പിക്കും. തീവ്രമായ പരിശോധനയിലൂടെ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്തുമെന്നും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കൂട്ടിച്ചേർത്തു.
കോവിഡ് വൈറസിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിൽ വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹകരണം നിർണായകമാണെന്നും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. പള്ളികളിലോ പുറത്തോ തുറസ്സായ സ്ഥലങ്ങളിലോ റമദാൻ കൂടാരങ്ങൾ സ്ഥാപിക്കുന്നത് നേരത്തെതന്നെ വിലക്കിയിരുന്നു. മാത്രമല്ല, വലിയ രീതിയിലുള്ള കൂടിച്ചേരലുകൾക്കും കുടുംബങ്ങൾ കൂട്ടംകൂടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ഒത്തുചേരലുകളിൽനിന്ന് പൂർണമായി വിട്ടുനിൽക്കണമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. റമദാൻ മാസത്തിൽ അധികൃതർ വ്യക്തമാക്കിയ എല്ലാ കോവിഡ് -19 മുൻകരുതൽ നടപടികളും സമഗ്രമായും കർശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ദുബൈ മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആളുകൾ റമദാൻ മാസത്തിൽ വലിയ സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുകയും ശാരീരിക അകലം പാലിക്കുക, മുഖംമൂടി ധരിക്കുക എന്നിവയുൾപ്പെടെയുള്ള സംരക്ഷണ നടപടികൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയും വേണമെന്നും അധികൃതർ പറഞ്ഞു. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മത്സ്യ-മാംസ വിൽപന കേന്ദ്രങ്ങൾ തുടങ്ങി വ്യാപാര കേന്ദ്രങ്ങൾക്കെല്ലാം കൃത്യമായ നിർദേശങ്ങളും പാലിക്കേണ്ട മുൻകരുതൽ നടപടികളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് നിരന്തര പരിശോധനകളും സംഘടിപ്പിക്കും. മാർഗനിർദേശങ്ങൾ ലംഘിക്കുന്ന റസ്റ്റാറൻറുകളും ചാരിറ്റി ഓർഗനൈസേഷനുകളും കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നതിനാൽ മുൻകരുതൽ നടപടികൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി പരിശോധന നടത്തും.
ഇൗ മാർഗനിർദേശങ്ങൾ പാലിക്കൂ
-റമദാൻ മാസത്തിൽ വലിയ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക -
-പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും കുടുംബ സന്ദർശനങ്ങളും സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കുക
-ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുക്കൾ മാത്രമേ ഇഫ്താറും സുഹൂറും പങ്കിടാവൂ.
-റമദാൻ കൂടാരങ്ങളും ഇഫ്താർ, സംഭാവന കൂടാരങ്ങളും അനുവദനീയമല്ല.
-വീട്ടിൽ കൂടാരങ്ങൾ സ്ഥാപിക്കുന്നതും റമദാൻ മജ്ലിസ് ഒരുക്കി ഒത്തുചേരുന്നതും ഒഴിവാക്കുക
-ഭക്ഷണ വിതരണവും മറ്റ് സംഭാവനകളും ദുബൈയിലെ അംഗീകൃത ചാരിറ്റി ഓർഗനൈസേഷനുകൾ വഴി മാത്രം നൽകുക
-പള്ളിയിലും നിർബന്ധമായും ഫേസ് മാസ്ക് ധരിക്കണം, ശാരീരിക അകലവും പാലിക്കണം
-പള്ളികളിലെ (ഇശാഹ്, തറാവീഹ്) പ്രാർഥനകൾ 30 മിനിറ്റിനകം പൂർത്തിയാക്കണം
-റമദാൻ മാസത്തിൽ ഭക്ഷണം പാഴാക്കാതിരിക്കാൻ ജാഗ്രത വേണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.