അബൂദബി: തലസ്ഥാന എമിറേറ്റിൽ ഈദ് അൽ അദ്ഹ ആഘോഷത്തോടനുബന്ധിച്ച് സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കാനും സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ വെർച്വൽ ആശയവിനിമയം നടത്താനും അധികൃതർ.
ഈദ് വേളയിൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട കോവിഡ് മുൻകരുതൽ നടപടികൾ അധികൃതർ പ്രഖ്യാപിച്ചു. ആറ് ദിവസത്തെ പൊതുഅവധി തിങ്കളാഴ്ച ആരംഭിക്കുമ്പോൾ പാർട്ടികൾ, ഔട്ടിങ്ങുകൾ, നിശാ ക്യാമ്പുകൾ, കുടുംബ സന്ദർശനം, ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേരലുകൾ എന്നിവ ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. 19 മുതൽ ദേശീയ അണുനശീകരണ യജ്ഞം അബൂദബിയിൽ വീണ്ടും ആരംഭിക്കുകയാണ്. ഇതോടെ രാത്രി 12 മുതൽ പുലർച്ച അഞ്ചുവരെ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പുറത്തിറങ്ങാൻ കർശന നിയന്ത്രണമുണ്ടാകും.
ഓൺലൈൻ ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ ഈദ് ആശംസ കൈമാറാനും ആശയ വിനിമയത്തിനും ഉപയോഗിക്കാനും സുഹൃത്തുക്കളും കുടുംബങ്ങളുമായും ഒത്തുചേരലുകൾക്കുപകരം വെർച്വൽ മീറ്റിങ് തിരഞ്ഞെടുക്കണമെന്നും അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു.
മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവർ കഴിയുന്നത്ര പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സമ്മാനങ്ങൾ കൈമാറുന്നതും കുട്ടികൾക്ക് പണം നൽകുന്നതും പാടില്ല. ബാങ്കിൽ പോകുന്നത് ഒഴിവാക്കി ഡിജിറ്റലായി പണം അയക്കാനും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.