ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന റാപിഡ് പരിശോധനയിൽ പോസിറ്റിവാകുന്നവർക്ക് ടിക്കറ്റ് റീഫണ്ട് ലഭിക്കാത്തത് പ്രവാസികളുടെ ദുരിതം ഇരട്ടിയാക്കുന്നു. നേരത്തെ റീഫണ്ട് നൽകിയിരുന്ന വിമാനക്കമ്പനികൾ പോലും ഇപ്പോൾ ഇത് നിർത്തലാക്കിയിരിക്കുകയാണ്. അതേസമയം, ഗൾഫിൽ നിന്ന് പുറപ്പെടുമ്പോൾ പോസിറ്റിവായാൽ ഇതേ വിമാനക്കമ്പനികൾ റീഫണ്ട് നൽകുന്നുമുണ്ട്. ഇത് രണ്ട് നീതിയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ദിവസവും 50ഓളം പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാല് പേരടങ്ങുന്ന കുടുംബത്തിലെ ഒരാൾക്ക് പോസിറ്റിവാകുന്നതോടെ കുടുംബം പൂർണമായും യാത്ര ഒഴിവാക്കുന്ന സംഭവങ്ങളുമുണ്ട്. മുൻ കാലങ്ങളിൽ ഇവർക്ക് റീ ഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനൽകുകയോ ചെയ്തിരുന്നു.
എന്നാൽ, നിലവിൽ എല്ലാ വിമാനങ്ങളും റീഫണ്ട് നിർത്തിവെച്ചിരിക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ചില കേസുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനൽകുന്നത്. നാല് മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ധാക്കിയാൽ മറ്റൊരു ദിവസത്തേക്ക് യാത്ര തരപ്പെടുത്താമെന്നാണ് ചില വിമാനക്കമ്പനികൾ പറയുന്നത്. എന്നാൽ, നാല് മണിക്കൂറിനുള്ളിൽ നടത്തുന്ന ടെസ്റ്റിൽ പോസിറ്റിവാകുന്ന തങ്ങൾ എങ്ങനെയാണ് നാല് മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ധാക്കുന്നത് എന്ന് ഇവർ ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ തർക്കം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ ബഹളം വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.