ദുബൈ: ചെറിയ ട്രാഫിക് അപകടങ്ങൾ എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയുമായി (ഇനോക്) സർവിസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കി ദുബൈ പൊലീസ്. ‘ഓൺ ദി ഗോ’ പദ്ധതിയുടെ നാലാംഘട്ടം എന്ന നിലയിലാണ് അപകടത്തിൽപെട്ട ഡ്രൈവർമാർക്ക് എളുപ്പത്തിൽ അപകടങ്ങൾ അറിയിച്ച് അജ്ഞാത കക്ഷിക്കെതിരെ ആക്സിഡൻറ് റിപ്പോർട്ട് നേടാനുള്ള സൗകര്യമൊരുക്കിയത്. സർവിസ് സ്റ്റേഷനുകളിലെ ഇനോക് ഉദ്യോഗസ്ഥർ ഏതാനും മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ട് ലഭിക്കാൻ വാഹനമോടിക്കുന്നവരെ സഹായിക്കുന്നതാണ് പദ്ധതി. ആക്സിഡന്റ് റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പുസമയം കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ദുബൈ പൊലീസിന്റെ താൽപര്യമാണ് പദ്ധതിക്ക് പിന്നിലെന്ന് ‘ഓൺ ദി ഗോ’ ചെയർമാൻ ലഫ്. മാജിദ് അൽ കഅബി പറഞ്ഞു.
പൊലീസ് പട്രോളിങ് വിഭാഗത്തിന് ഗതാഗതം സുഗമമാക്കുന്നതിനും ദുബൈ പൊലീസിന്റെ സ്വകാര്യ മേഖലയുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു മിനിറ്റിനകം ചെറിയ അപകടങ്ങളുടെ റിപ്പോർട്ട് ലഭിക്കാൻ പൊലീസ് ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ, സ്മാർട്ട് സേവനങ്ങൾ പരിചയമില്ലാത്തവർക്കും പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകണമെന്ന് ആഗ്രഹിക്കുന്നവർക്കും അപകടങ്ങളെ തുടർന്ന് സമയനഷ്ടമുണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ സംവിധാനം ഉപകാരപ്പെടുക. 2015ൽ ആരംഭിച്ച ‘ഓൺ ദി ഗോ’ സംരംഭം ചെറിയ അപകടങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ റിപ്പോർട്ട് ചെയ്യുന്ന സംവിധാനമാണ്. ഇതിന്റെ നാലാം ഘട്ടമാണ് ഇനോകുമായി സഹകരിച്ച് ഇപ്പോൾ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.