ദുബൈ: മക്കയിലെയും മദീനയിലെയും സന്ദർശനം എളുപ്പമാക്കുന്നതിന് സൗദി സർക്കാർ രൂപപ്പെടുത്തിയ ‘നുസുക്’ പ്ലാറ്റ്ഫോം പരിചയപ്പെടുത്തി ദുബൈയിൽ എക്സിബിഷൻ. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയും സൗദി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രദർശനം ബുധനാഴ്ചയാണ് സമാപിച്ചത്. മക്കയിലും മദീനയിലും എത്തിച്ചേരുന്ന തീർഥാടകർക്കും സന്ദർശകർക്കും ‘നുസുക്’ പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന സേവനങ്ങളാണ് പ്രദർശനത്തിൽ പരിചയപ്പെടുത്തിയത്.
ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന എക്സിബിഷൻ വെർച്വൽ റിയാലിറ്റി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിന്യസിച്ചത്. എക്സിബിഷനിൽ യാത്ര, ടൂറിസം, ഉംറ, ഹജ്ജ് ഏജൻസികൾ അടക്കം 400ലേറെ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുത്തു. യു.എ.ഇയിൽ നിന്നുള്ള തിർഥാടകർക്കും സന്ദർശകർക്കും അനുയോജ്യമായ വിവിധ സംവിധാനങ്ങളും സേവനങ്ങളും പ്രദർശനത്തിൽ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ പ്രഖ്യാപിക്കുകയും ചെയ്തു.
യു.എ.ഇ താമസക്കാർക്ക് മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഉപയോഗപ്പെടുത്തി ഉംറ നിർവഹിക്കാമെന്നും സൗദി വിമാനക്കമ്പനികൾ ദുബൈയിൽ നിന്ന് മദീനയിലേക്ക് ആഴ്ചയിൽ മൂന്നു സർവിസുകൾ വീതം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. റമാദാനിൽ ഓരോ ദിവസത്തെയും സർവിസുകൾ വർധിപ്പിച്ചിട്ടുമുണ്ട്. കുറഞ്ഞ നിരക്കിൽ അബൂദബിയിൽനിന്ന് ഫ്ലൈ നാസ് ജിദ്ദയിലേക്കും മദീനയിലേക്കും സർവിസ് നടത്തുന്നുണ്ട്.
അതോടൊപ്പം ദുബൈയിൽനിന്ന് ജിദ്ദയിലേക്ക് ഓരോ ആഴ്ചയിലെയും സർവിസുകൾ 29 ആയി വർധിപ്പിച്ചിട്ടുമുണ്ട്. ഗൾഫ് മേഖലയിൽനിന്ന് ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തുന്ന സ്ഥലമാണ് യു.എ.ഇയെന്നും എക്സിബിഷൻ വഴി ‘നുസുക്’ സേവനങ്ങൾ കൃത്യമായി യു.എ.ഇ പൗരൻമാരിലേക്കും താമസക്കാരിേലക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.