ദുബൈ: ലോകത്ത് വ്യത്യസ്ത രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ എക്സ്പോ സന്ദർശകരുടെ എണ്ണത്തിൽ കുറവുവരുത്തില്ലെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച് അധികൃതർ. എല്ലാ ആരോഗ്യ സുരക്ഷാമുന്നൊരുക്കങ്ങളും നടത്തുന്നതിൽ അധികൃതർ ജാഗ്രത പാലിച്ചിട്ടുണ്ടെന്നും വിശ്വമേളയുടെ രണ്ടാം പാതിയിൽ കൂടുതൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്നും എക്സ്പോ 2020 ദുബൈ കമ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് സ്കോനൈഡ് മക്ഗീഷിൻ പറഞ്ഞു. എല്ലാ ഘട്ടത്തിലും ദുബൈ ആരോഗ്യ വകുപ്പിന്റെയും മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും നിർദേശങ്ങൾ അനുസരിച്ച് എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചിട്ടുണ്ട്.
സാധാരണ ലോകമേളകളിൽ രണ്ടാം പകുതിയിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകാറുണ്ട് -അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ ഒന്നു മുതൽ ആരംഭിച്ച സന്ദർശക പ്രവാഹത്തിൽ അതിയായ സന്തുഷ്ടിയുണ്ടെന്നും വരുന്ന മാസങ്ങളിൽ ഇത് വർധിക്കുമെന്ന പ്രതീക്ഷ തന്നെയാണുള്ളതെന്നും മക്ഗീഷിൻ കൂട്ടിച്ചേർത്തു. ഒമിക്രോൺ ആശങ്ക ആരംഭിച്ചത് മുതൽ എക്സ്പോയിൽ വിവിധങ്ങളായ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. ഡിസംബറിൽ തന്നെ എല്ലാ പവലിയനുകളിലെയും ജീവനക്കാർക്കും പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും സന്ദർശകരുടെ പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവർത്തകരടക്കം മറ്റുള്ളവരുടെയും പരിശോധനകൾ കൂടുതൽ വിപുലീകരിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ചില പവലിയനുകൾ താൽക്കാലികമായി അടച്ചിടുകയുമുണ്ടായി. മാസ്ക് ധരിക്കൽ എല്ലായിടത്തും നിർബന്ധമാക്കുകയും സാമൂഹിക അകലം പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഇതിന്റെ ഭാഗമായാണ്. പവലിയനുകളിലും നഗരിയിലെ മറ്റിടങ്ങളിലും സാനിറ്റൈസേഷൻ സൗകര്യങ്ങൾ വർധിപ്പിക്കുകയുമുണ്ടായി. ജനുവരി പത്തോടെ എക്സ്പോയിലെ സന്ദർശകരുടെ എണ്ണം ഒരു കോടി പിന്നിട്ടിരുന്നു. വാക്സിനേഷൻ പൂർത്തീകരിച്ചവരെയോ 72 മണിക്കൂറിനിടയിലെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെയോ മാത്രമാണ് നിലവിൽ എക്സ്പോയിൽ പ്രവേശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.